Sunday, December 21, 2008

'ഖത്തര്‍ കേരളീയം 2008' സമാപിച്ചു

ദോഹ:കേരളത്തനിമയും മഹിത പാരമ്പര്യവും വീണ്ടെടുക്കാനുള്ള ആഹ്വാനത്തോടെ മൂന്ന് ദിവസങ്ങളിലായി ദോഹയില്‍ നടന്നുവന്ന 'ഖത്തര്‍ കേരളീയം 2008'ന് സമാപനമായി. ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 'ഖത്തര്‍ കേരളീയം 2008' സംഘടിപ്പിച്ചത്.

മന്‍സൂറ ശാന്തിനികേതന്‍ സ്‌കൂളില്‍ നടന്ന പൊതുസമ്മേളനം ഇന്ത്യന്‍ അംബാസഡറായിരുന്ന ഡോ. ജോര്‍ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. പരസ്പരസ്നേഹവും സഹിഷ്ണുതയുമാണ് മലയാളിയുടെ മുഖമുദ്രയെന്നും അത് ശക്തിപ്പെടുത്താന്‍ നാം പരിശ്രമിക്കണമെന്നും ഡോ. ജോര്‍ജ് ജോസഫ് പറഞ്ഞു.

കേരളത്തിന്റെ മൂല്യങ്ങള്‍ മതപരവും വര്‍ഗപരവുമായ അസഹിഷ്ണുതയ്ക്ക് എതിരാണെന്നും എല്ലാ വിഭാഗങ്ങളും ഒന്നിച്ചുപോകുന്നതാണ് കേരളീയതയെന്നും പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത നോവലിസ്റ്റും തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്ററുമായ കെ.പി. രാമനുണ്ണി പറഞ്ഞു.

മതമൂല്യങ്ങളെ അട്ടിമറിച്ച് മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരതയും മനുഷ്യര്‍ക്കിടയില്‍ അന്തരം വര്‍ധിപ്പിക്കുന്ന നവമുതലാളിത്വവുമാണ് ഇന്ന് നാം നേരിടുന്ന മുഖ്യവെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വരുമാന വളര്‍ച്ച മാത്രം പരിഗണിച്ച് വികസന നയം രൂപവത്കരിക്കുന്ന രീതിയാണ് ഇന്ന് കേരളത്തില്‍ സ്വീകരിച്ച് വരുന്നതെന്നും, ഇവിടെ മനുഷ്യന്റെയും പ്രകൃതിയുടെയും താത്പര്യങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും പരിപാടിയില്‍ സംസാരിച്ച സി.ആര്‍. നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമൂഹികമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങളില്‍ താത്പര്യം കാണിക്കാതിരിക്കുകയും അതേസമയം അതിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ന് കേരളത്തില്‍ വളര്‍ന്നുവരുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ് പറഞ്ഞു. പരിപാടിയില്‍ എഫ്.സി.സി. ചെയര്‍മാന്‍ എന്‍.കെ.എം. ശുകൂര്‍ അധ്യക്ഷത വഹിച്ചു.

ഖത്തര്‍ ചാരിറ്റി പ്രതിനിധി ഖാലിദ് ഫക്‌റും, ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫെയ്ത്ത് ഡയലോഗ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഹമ്ദിബ്ലിക്കേജ്, ആവണി വിജയകുമാര്‍, ഹമീദ് വാണിയമ്പലം എന്നിവരും സംസാരിച്ചു. മുഹമ്മദ് പാറക്കടവ് സ്വാഗതം പറഞ്ഞു.

1 comment:

Unknown said...

കേരളത്തനിമയും മഹിത പാരമ്പര്യവും വീണ്ടെടുക്കാനുള്ള ആഹ്വാനത്തോടെ മൂന്ന് ദിവസങ്ങളിലായി ദോഹയില്‍ നടന്നുവന്ന 'ഖത്തര്‍ കേരളീയം 2008'ന് സമാപനമായി. ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 'ഖത്തര്‍ കേരളീയം 2008' സംഘടിപ്പിച്ചത്