Saturday, January 31, 2009

ഗാസ:അറബ് ലീഗ് കോടതിയിലേക്ക്

ദോഹ:ഫലസ്തീനിലെ ഗാസയില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ ഇസ്രായേലിന്റെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ അറബ് ലീഗ് അന്തര്‍ദേശീയ കോടതിയെ സമീപിക്കുന്നു. ഈജിപ്ത് വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്നാണിത്. ഇതിന്റെ ഭാഗമായി ഇസ്രായേലിനെതിരെ കോടതിയില്‍ സമര്‍പിക്കേണ്ട തെളിവുകളുടെ രേഖ ശരിയാക്കിവരികയാണ്. അതേസമയം, ഇസ്രായേലിന്റെ ആക്രമണ പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഇതിന് പദ്ധതി തയാറാക്കാനും മാര്‍ച്ച് രണ്ടിന് ഈജിപ്തില്‍ അന്തര്‍ദേശീയ സമ്മേളനം നടക്കും.

യു.എന്നിലെ സ്ഥിരാംഗങ്ങളായ അറബ് രാജ്യങ്ങളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറബ് ലീഗ് നീക്കം. ഗാസയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അറബ്, അന്തര്‍ദേശീയ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിക്കണമെന്ന് അന്തര്‍ദേശീയ കോടതിയോട് പെറ്റീഷനിലൂടെ ആവശ്യപ്പെടാനാണ് തീരുമാനം.

ഗാസയിലെ യു.എന്‍ ആസ്ഥാനവും യു.എന്നിന്റെ കീഴിലെ സ്കൂളുകളും മറ്റും ബോംബ്,മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്ത ഇസ്രായേല്‍ സൈന്യം, കുഞ്ഞുങ്ങളെയടക്കം കൊല്ലാന്‍ നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചതായി ഇവിടെയെത്തിയ മാധ്യമ പ്രവര്‍ത്തകരും വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഫലസ്തീനിലെ അതിക്രമങ്ങളെക്കുറിച്ച് യു.എന്‍ മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടതുപ്രകാരം ഈജിപ്ത് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. മാത്രമല്ല, മനുഷ്യാവകാശ കമീഷന്‍ ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഗാസയിലെ പുനര്‍നിര്‍മാണത്തിനായി മാര്‍ച്ച് രണ്ടിന് കെയ്റോയില്‍ ചേരുന്ന സമ്മേളനം 200 കോടി യു.എസ് ഡോളറിന്റെ പുനുരുദ്ധാരണ പദ്ധതിയാണ് തയാറാക്കുക. എന്തൊക്കെ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്, പദ്ധതി എങ്ങനെ നടപ്പാക്കണം, ആവശ്യമായ ഫണ്ട് ശേഖരണം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

ഫലസ്തീന്‍ അതോറിറ്റിയുടെ സഹകരണത്തോടെയാണ് സമ്മേളനം നടത്തുന്നത്. ഗാസയിലെ ജനങ്ങളെ സഹായിക്കണമെന്ന് ഈജിപ്ത് ഇന്നലെ യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഗാസയില്‍ 1,300ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 200 കോടി ഡോളറിലേറെ നഷ്ടമുണ്ടാവുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അനൌദ്യോഗിക കണക്കില്‍ മരണ സംഖ്യയും നാശനഷ്ടവും വളരെ കൂടുതലാണ്. ജീവകാരുണ്യ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും ഇസ്രായേല്‍ തടഞ്ഞതിനാല്‍ ഗാസയിലെ യഥാര്‍ഥ ചിത്രം പുറത്തുവന്നിട്ടില്ല. ആക്രമണം നിര്‍ത്താനുള്ള യു.എന്‍ നിര്‍ദേശം തള്ളിയ ഇസ്രായേല്‍ അന്തര്‍ദേശീയ കോടതിയോടും സഹകരിക്കാനിടയില്ല.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഫലസ്തീനിലെ ഗാസയില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ ഇസ്രായേലിന്റെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ അറബ് ലീഗ് അന്തര്‍ദേശീയ കോടതിയെ സമീപിക്കുന്നു. ഈജിപ്ത് വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്നാണിത്. ഇതിന്റെ ഭാഗമായി ഇസ്രായേലിനെതിരെ കോടതിയില്‍ സമര്‍പിക്കേണ്ട തെളിവുകളുടെ രേഖ ശരിയാക്കിവരികയാണ്. അതേസമയം, ഇസ്രായേലിന്റെ ആക്രമണ പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഇതിന് പദ്ധതി തയാറാക്കാനും മാര്‍ച്ച് രണ്ടിന് ഈജിപ്തില്‍ അന്തര്‍ദേശീയ സമ്മേളനം നടക്കും.

Anonymous said...

ഗാസ വിജയാഘോഷം നടത്തിയ അറബികള്‍ തന്നെ “ഇസ്രായേലിന്റെ ആക്രമണ പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ ” പേരില്‍ കേസ് കൊടുക്കണം