Sunday, January 4, 2009

ഗാസ: ഖറദാവിയും സംഘവും അറബ് ഭരണാധികാരികളുമായി ചര്‍ച്ച തുടങ്ങി

ദോഹ:ഗാസക്കെതിരായ ഇസ്രായേല്‍ ആക്രമണത്തിനെതിരെ അറബ് നേതാക്കളില്‍ അഭിപ്രായൈക്യം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡോ. യൂസുഫുല്‍ ഖറദാവിയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ മുസ്ലിം പണ്ഡിതസമിതി പ്രതിനിധിസംഘം ഭരണത്തലവന്മാരുമായി കൂടിക്കാഴ്ച തുടങ്ങി.

ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുമായാണ് സംഘം ആദ്യം ചര്‍ച്ച നടത്തിയത്. ഖറദാവിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അല്‍വജ്ബ കൊട്ടാരത്തില്‍ അമീര്‍ സ്വീകരിച്ചു.

ഫലസ്തീന്‍ വിഷയത്തില്‍ മുസ്ലിം ലോകം സ്വീകരിക്കേണ്ട യോജിച്ച നിലപാടിന് രൂപം നല്‍കുമെന്ന പണ്ഡിതവേദിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിന്റെ പര്യടനം. സൌദി, ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും ഇവര്‍ സന്ദര്‍ശിക്കും.

ഡോ. അലി മുഹ്യിദ്ദീന്‍ ഖുര്‍റദാഗി, സുഡാന്‍ മുന്‍മന്ത്രി ഡോ. ഇസാം അല്‍ബശീര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. അമീറിന്റെ പ്രൈവറ്റ് സെക്രട്ടറി ഹമദ് ബിന്‍ ഖലീഫ അല്‍അതിയ്യ, അമീരി ഓഫീസ് ഡയറക്ടര്‍ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, അമീറിന്റെ ഫോളോ അപ് സെക്രട്ടറി സഅദ് ബിന്‍ മുഹമ്മദ് അല്‍റുമൈഹി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

ഗാസ ആക്രമണം ചര്‍ച്ച ചെയ്യാന്‍ അടിയന്തര അറബ് ഉച്ചകോടി ചേരുകയും യോജിച്ച നിലപാടെടുക്കുകയും വേണമെന്ന് പണ്ഡിതസമിതി അറബ് ലീഗിനോടാവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം ലോകം ഒന്നടങ്കം ഗാസക്കൊപ്പം നില്‍ക്കണം.
ചില അറബ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന വഞ്ചനാത്മക മൌനം ഇസ്രായേലിനൊപ്പം നില്‍ക്കുന്നതിന് തുല്യമാണെന്ന് സമിതി അംഗീകരിച്ച പ്രമേയത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസക്കെതിരായ ഇസ്രായേല്‍ ആക്രമണത്തിനെതിരെ അറബ് നേതാക്കളില്‍ അഭിപ്രായൈക്യം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡോ. യൂസുഫുല്‍ ഖറദാവിയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ മുസ്ലിം പണ്ഡിതസമിതി പ്രതിനിധിസംഘം ഭരണത്തലവന്മാരുമായി കൂടിക്കാഴ്ച തുടങ്ങി.

ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുമായാണ് സംഘം ആദ്യം ചര്‍ച്ച നടത്തിയത്. ഖറദാവിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അല്‍വജ്ബ കൊട്ടാരത്തില്‍ അമീര്‍ സ്വീകരിച്ചു.