Monday, January 5, 2009

ഗാസ പ്രശ്നം: ദാര്‍ഫുര്‍ ചര്‍ച്ച മാറ്റിവച്ചു

ദോഹ:സുഡാനിലെ ദാര്‍ഫുറില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള അറബ് ആഫ്രിക്കന്‍ മന്ത്രിതല സമിതിയുടെ സമ്മേളനം ജനുവരി 12 ലേക്ക് മാറ്റി വച്ചു.

ഞായറാഴ്ച ദോഹയില്‍ നടക്കേണ്ടിയരുന്ന സമ്മേളനം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍താനിയുടെ അസൌകര്യം പരിഗണിച്ചാണ് മാറ്റി വച്ചത്.

ഗാസയില്‍ ഇസ്റാഈല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭയെ സമീപിക്കാനുള്ള അറബ് ലീഗ് തീരുമാനത്തെ തുടര്‍ന്ന് രൂപീകരിച്ച സമിതിയില്‍ അംഗമായ പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേക്ക് പോകുന്നത് കണക്കിലെടുത്താണ് സമാധാനചര്‍ച്ച മാറ്റി വച്ചത്.

ജനുവരി 15 ന് നടക്കുന്ന സമാധാന ചര്‍ച്ചയുടെ മുന്നോടിയായാണ് ഖത്തറിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ സമ്മേളനം ദോഹയില്‍ ചേരുന്നത്. പ്രധാനമന്ത്രിയാണ് സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കേണ്ടത്. ഈ സമ്മേളനത്തില്‍ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറു മൂസ, സമിതിയില്‍ അംഗമായ അറബ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍, ഐക്യരാഷ്ട്രസഭയുടേയും ആഫ്രിക്കന്‍ യൂണിയന്റേയും സംയുക്ത മധ്യസ്ഥനായ ജിബ്രീല്‍ ബാസൂലി തുടങ്ങിയവര്‍ സംബന്ധിക്കും.

കഴിഞ്ഞ ഒക്ടോബറില്‍ സമിതിയുടെ രൂപീകരണത്തിനു ശേഷം സുഡാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും ദാര്‍ഫുര്‍ സായുധ പോരാളികളുടെ പ്രതിനിധികളുമായും അയല്‍ രാജ്യങ്ങളുമായും ഖത്തര്‍ അനൌപചാരിക ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ട്. ദോഹ സമ്മേളനം സുഡാന്‍സര്‍ക്കാരും ദാര്‍ഫുര്‍ സായുധ സംഘടനകളുമായുള്ള സമാധാന ചര്‍ച്ചയുടെ അജണ്ട നിശ്ചയിക്കുമെന്നാണ് കരുതുന്നത്.

ഖത്തര്‍ മുന്‍കൈ എടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ ഇരു വിഭാഗവും നേരത്തെ തന്നെ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. അഞ്ചു വര്‍ഷമായി പരസ്പരം രൂക്ഷമായി പോരാടുന്ന സുഡാന്‍ സര്‍ക്കാരിനേയും സായുധ പോരാളികളേയും അടുപ്പിക്കുന്നതില്‍ ഖത്തറി നയതന്ത്ര നിക്കങ്ങള്‍ വിജയിച്ചേക്കുമെന്നാണ് കരുതുന്നത്.

സര്‍ക്കാരുമായും പോരാളികളുമായും നല്ല ബന്ധമാണ് ഖത്തറിനുള്ളത്. ഇതുപയോഗപ്പെടുത്തി ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ ഒരു ഫോര്‍മുല രൂപപ്പെടുത്താനവും ഖത്തര്‍ ശ്രമിക്കുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ രാജ്യം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ദോഹ സമ്മേളത്തില്‍ തന്നെ പ്രശ്ന പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷയില്ലെങ്കിലും ചര്‍ച്ചകള്‍ ഘട്ടം ഘട്ടമായി മുന്നോട്ടു നയിക്കാനുള്ള രൂപരേഖ സര്‍വ്വ സമ്മതത്തോടെ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ തന്നെ അതൊരു നിര്‍ണ്ണായക വിജയമായിരിക്കും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സുഡാനിലെ ദാര്‍ഫുറില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള അറബ് ആഫ്രിക്കന്‍ മന്ത്രിതല സമിതിയുടെ സമ്മേളനം ജനുവരി 12 ലേക്ക് മാറ്റി വച്ചു.

ഞായറാഴ്ച ദോഹയില്‍ നടക്കേണ്ടിയരുന്ന സമ്മേളനം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍താനിയുടെ അസൌകര്യം പരിഗണിച്ചാണ് മാറ്റി വച്ചത്.

ഗാസയില്‍ ഇസ്റാഈല്‍ നടത്തുന്ന ആക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭയെ സമീപിക്കാനുള്ള അറബ് ലീഗ് തീരുമാനത്തെ തുടര്‍ന്ന് രൂപീകരിച്ച സമിതിയില്‍ അംഗമായ പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേക്ക് പോകുന്നത് കണക്കിലെടുത്താണ് സമാധാനചര്‍ച്ച മാറ്റി വച്ചത്.