Sunday, February 15, 2009

ഒബാമ ഇസ്ലാമിക രാജ്യത്തിന് പ്രതീക്ഷ:ഖത്തര്‍ ഉപപ്രധാനമന്ത്രി

ദോഹ:അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയില്‍ മുസ്ലിം ലോകത്തിന് ഏറെ പ്രതീക്ഷയുണ്ടെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ,വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍അതിയ്യ പറഞ്ഞു.

ആറാമത് 'അമേരിക്കയും ഇസ്ലാമിക ലോകവും' സമ്മേളനം ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമേരിക്കയിലെ ഭരണമാറ്റം മുസ്ലിം ലോകവുമായുള്ള അവരുടെ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. മുസ്ലിം രാജ്യങ്ങളുമായി പരസ്പര ബഹുമാനത്തിലും പൊതുനന്മയിലും അധിഷ്ഠിതമായ സൌഹൃദബന്ധം നിലനിര്‍ത്തുമെന്ന് ഒബാമ സൂചിപ്പിച്ചത് പ്രത്യാശാജനകമാണ്.

ഇത്തരമൊരു ബന്ധത്തിന് ആദ്യം വേണ്ടത് ഏറ്റുമുട്ടല്‍ നയം ഒഴിവാക്കുകയാണ്. കഴിഞ്ഞകാലങ്ങളില്‍ മേഖലയുടെ സമാധാനത്തിനും സ്ഥിരതക്കും ഭീഷണിയായത് ഇത്തരം നയങ്ങളാണെന്ന് അദ്ദേഹം തുടര്‍ന്നു.

അടിച്ചേല്‍പിക്കാത്ത സ്വാതന്ത്യ്രവും ജനാധിപത്യവും മനുഷ്യാവകാശങ്ങളുമാണ് അമേരിക്കയും മുസ്ലിം ലോകവും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്താനുള്ള പോംവഴിയെന്ന് മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം പറഞ്ഞു.

തങ്ങളുടെ ഹിതത്തിന് നില്‍ക്കാത്ത രാജ്യങ്ങളിലെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കുന്നതുപോലെയുള്ള അമേരിക്കന്‍ നയങ്ങള്‍ തിരുത്തേണ്ടതുണ്ടെന്ന് അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ഏകാധിപത്യത്തില്‍നിന്നും അരാജകത്വത്തില്‍നിന്നും ഇറാഖിനെ രക്ഷിച്ച് ജനാധിപത്യ പുനഃസ്ഥാപനത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ അമേരിക്കയുടെ ഇടപെടല്‍ സഹായകമായെന്ന് ഇറാഖ് ഉപപ്രധാനമന്ത്രി ബര്‍ഹാം സാലിഹ് അഭിപ്രായപ്പെട്ടു.

യു.എസ് മുന്‍ വിദേശകാര്യ സെക്രട്ടറി മെഡലിന്‍ ആള്‍ബ്രൈറ്റ്, യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഡേവിഡ് പെട്രോസ് എന്നിവരും സംസാരിച്ചു.

പൊതുവെല്ലുവിളികള്‍ എന്ന തലക്കെട്ടിലുള്ള ത്രിദിന സമ്മേളനത്തില്‍ അമേരിക്കയിലെയും മുസ്ലിം നാടുകളിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, കലാ, മാധ്യമരംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്.

ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള പുതിയ അമേരിക്കന്‍ ഭരണകൂടവും മുസ്ലിം ലോകവും തമ്മിലെ ബന്ധമാണ് മുഖ്യചര്‍ച്ച.
ഇന്ത്യയില്‍നിന്ന് എം.ജെ. അക്ബര്‍ ഒരു ചര്‍ച്ചാസെഷനില്‍ സംസാരിക്കും.

ആഗോളസാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടാം എന്ന ചര്‍ച്ചാസെഷനോടെയാണ് ഇന്ന് ഫോറം പുനരാരംഭിക്കുക.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയില്‍ മുസ്ലിം ലോകത്തിന് ഏറെ പ്രതീക്ഷയുണ്ടെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ,വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍അതിയ്യ പറഞ്ഞു.

ആറാമത് 'അമേരിക്കയും ഇസ്ലാമിക ലോകവും' സമ്മേളനം ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.