Friday, February 20, 2009

ദാര്‍ഫുര്‍:ഖത്തര്‍ നയതന്ത്രത്തിന് പ്രശംസ

ദോഹ:ആറു വര്‍ഷമായി സുഡാനില്‍ രക്തരൂക്ഷിത സംഘര്‍ഷത്തിനിടയാക്കിയ ദാര്‍ഫുര്‍ പ്രശ്നത്തിന് സമാധാനപരമായ അന്ത്യം കുറിക്കുന്നതിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ഖത്തറി നയതന്ത്രത്തിന് അന്തര്‍ദേശീയ തലത്തില്‍ പ്രശംസ. സങ്കീര്‍ണ്ണമായ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതില്‍ വന്‍ശക്തികള്‍ പരാജയപ്പെട്ടപ്പോഴാണ്. ഗള്‍ഫിലെ ചെറിയ രാജ്യങ്ങളിലൊന്നായ ഖത്തറിന്റെ വലിയ നീക്കങ്ങള്‍ വിജയിച്ചത്.

ദാര്‍ഫുര്‍ പ്രശ്നത്തിന് സാമാധാനപരമായ പരിഹാരം കാണുന്നതിനായി പരസ്പരവിശ്വാസം സൃഷ്ടിക്കുന്ന കരാറില്‍ സുഡാന്‍ സര്‍ക്കാരും അവിടത്തെ മുഖ്യ കക്ഷിയായ ജസ്റിസ് ആന്റ് ഈക്വാലിറ്റി മൂവ്മെന്റും (ജെം) ഒപ്പിട്ട കരാറിനെ അമേരിക്ക സ്വാഗതം ചെയ്തു. ശരിയായ ദിശയില്‍ മുന്നോട്ടുള്ള ശക്തമായ തുടക്കമെന്നാണ് സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഇക്കാര്യത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. കരാര്‍ സാധ്യമാക്കാന്‍ ഖത്തര്‍ വിദേശകാര്യസഹമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍മഹ്മൂദും യു എന്‍ - ആഫ്രിക്കന്‍ യൂണിയന്‍ സംയുക്ത മധ്യസ്ഥന്‍ ജിബ്രീല്‍ ബാസുലിയും നടത്തിയ കഠിന ശ്രമത്തെ പ്രസ്താവനയില്‍ പ്രത്യേകം അഭിനന്ദിച്ചു.

സമാധാന കരാറിനെ ഫ്രാന്‍സും സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ ഖത്തറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ ഫ്രാന്‍സ് അഭിനന്ദിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ചൈനയും തുര്‍ക്കിയും ഖത്തര്‍ ശ്രമത്തേയും കരാറിനേയും സ്വാഗതം ചെയ്തിട്ടുണ്ട്.

വിവിധ അറബ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു പുറമേ ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍ത്തിയ്യ, ഒ ഐ സി സെക്രട്ടറി ജനറല്‍ ഡോ. ഇഖ്മലുദ്ദീവ് ഇഹ്സാന്‍ ഒഗ്ളേ തുടങ്ങിയവരും കരാറിനെ സ്വാഗതം ചെയ്യുകയും ഇതിനായി ഖത്തര്‍ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആറു വര്‍ഷമായി സുഡാനില്‍ രക്തരൂക്ഷിത സംഘര്‍ഷത്തിനിടയാക്കിയ ദാര്‍ഫുര്‍ പ്രശ്നത്തിന് സമാധാനപരമായ അന്ത്യം കുറിക്കുന്നതിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ഖത്തറി നയതന്ത്രത്തിന് അന്തര്‍ദേശീയ തലത്തില്‍ പ്രശംസ. സങ്കീര്‍ണ്ണമായ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതില്‍ വന്‍ശക്തികള്‍ പരാജയപ്പെട്ടപ്പോഴാണ്. ഗള്‍ഫിലെ ചെറിയ രാജ്യങ്ങളിലൊന്നായ ഖത്തറിന്റെ വലിയ നീക്കങ്ങള്‍ വിജയിച്ചത്.