Saturday, March 28, 2009

ദോഹ അറബ് ഉച്ചകോടി നിര്‍ണായകം:അറബ് ലീഗ്

ദോഹ:അതിസങ്കീര്‍ണമായ അന്താരാഷ്ട്രീയ സാഹചര്യത്തില്‍ നടക്കുന്ന അറബ് ഉച്ചകോടി നിര്‍ണായകമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസ.

അറബ് ലോകത്തെ സംബന്ധിച്ച് ദോഹ ഉച്ചകോടി അതിപ്രധാനമാണെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

ഇടക്കാലത്ത് ചില പശ്ചാത്തലങ്ങളില്‍ രൂപപ്പെട്ട അറബ് ഭിന്നത പരിഹരിക്കുന്നതില്‍ ഉച്ചകോടി പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. അറബ് രാജ്യങ്ങള്‍ ആഭ്യന്തര തലത്തിലും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തിലും കടുത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഈ വെല്ലുവിളികള്‍ക്ക് ഉത്തരം കാണേണ്ട നിര്‍ണായക സമ്മേളനമാണ് ചേരുന്നത്. അറബ് ഭിന്നത അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏറെ മുന്നോട്ടുപോയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

കുവൈത്ത് സാമ്പത്തിക ഉച്ചകോടിയും റിയാദ് മിനി ഉച്ചകോടിയും ഇക്കാര്യത്തില്‍ വലിയ ചുവടുകളായിരുന്നു. ആ ശ്രമങ്ങള്‍ക്ക് ദോഹ മകുടംചാര്‍ത്തുമെന്നാണ് പ്രതീക്ഷ.

സുഡാന്‍ പ്രസിഡന്റിനെതിരായ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റ് ചര്‍ച്ചചെയ്യും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഉമറുല്‍ ബശീറിന് അവകാശമുണ്ടെന്നും തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും മൂസ സൂചിപ്പിച്ചു.

ലബനാന്‍, ഫലസ്തീന്‍, സുഡാന്‍, സോമാലിയ, ഇറാഖ് എന്നിവിടങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ചര്‍ച്ചയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗാസ സംഭവത്തെ തുടര്‍ന്നുണ്ടായ അറബ് ഭിന്നത പരിഹരിക്കുന്നതില്‍ സുപ്രധാന പുരോഗതി കൈവരിക്കുമെങ്കില്‍തന്നെയും ദോഹ ഉച്ചകോടി പൂര്‍ണ അറബ് അനുഞ്ജനം സാധ്യമാക്കില്ലെന്ന് അറബ് ലീഗ് അഭിപ്രായപ്പെട്ടു.

സെക്രട്ടറി ജനറല്‍ കാര്യാലയ ഡയറക്ടര്‍ ഹിശാം യൂസുഫാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്നലെ ഷെറാട്ടന്‍ ഹോട്ടലില്‍ യോഗം ചേരുന്നതിനുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച അറബ് വിദേശമന്ത്രിമാരും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്.

അനുരഞ്ജനനീക്കങ്ങളില്‍ ഉച്ചകോടി ഏറെ പ്രത്യാശാജനകമാണ്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ നീക്കങ്ങള്‍ ആശാവഹമായിരുന്നു. എന്നാല്‍ ദോഹ ഉച്ചകോടിയോടെ പ്രശ്നങ്ങള്‍ തീരുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് അല്‍ജീരിയന്‍ വിദേശമന്ത്രി മുറാദ് മുദ്ലീസി വാര്‍ത്താലേഖകരോട് പറഞ്ഞു.

വിദേശമന്ത്രിതല യോഗത്തില്‍ ഉച്ചകോടിയുടെ അജണ്ടക്ക് രൂപമായി. 26 വിഷയങ്ങളിലൂന്നിയുള്ളതാണ് അജണ്ടയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അതിസങ്കീര്‍ണമായ അന്താരാഷ്ട്രീയ സാഹചര്യത്തില്‍ നടക്കുന്ന അറബ് ഉച്ചകോടി നിര്‍ണായകമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അംറ് മൂസ.