Sunday, March 8, 2009

ജമാഅത്തിന്റെ രാഷ്ട്രീയപാര്‍ട്ടി സാമുദായിക പ്രതികരണമല്ല : ഒ. അബ്ദുറഹ്മാന്‍ദോഹ:ആനുകാലിക സംഭവങ്ങളോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ വര്‍ഗീയമോ സാമുദായികമോ ആയ പ്രതികരണമല്ല രൂപീകരിക്കാനിരിക്കുന്ന പുതിയ രാഷ്ട്രീയപാര്‍ട്ടിയെന്ന് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ വ്യക്തമാക്കി.

അവര്‍ഗീയരുടെയും മതേതര സ്നേഹികളുടെയും കൂട്ടായ്മയാണ് രാഷ്ട്രീയപാര്‍ട്ടിയിലൂടെ ലക്ഷ്യമിടുന്നത്. അധികാരമോഹമോ സാമുദായികരാഷ്ട്രീയത്തില്‍ പിടിമുറുക്കലോ അല്ല. ഇന്ത്യയില്‍ മതത്തിനുപോലും നിലനില്‍ക്കണമെങ്കില്‍ മതേതര ജനാധിപത്യ അന്തരീക്ഷം നിലനില്‍ക്കേണ്ടതുണ്ട്. രാജ്യത്ത് ധാര്‍മികതയിലും നൈതികതയിലും ഊന്നിയ ഒരു സാമൂഹിക ക്രമത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് രംഗത്തിറങ്ങേണ്ട അവസാന സന്ദര്‍ഭമിതാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ആനുകാലിക സംഭവങ്ങളും ഇസ്ലാമിക പ്രസ്ഥാനവും എന്ന വിഷയത്തില്‍ ഖത്തര്‍ ചാരിറ്റി ഹാളില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനുകാലിക സംഭവങ്ങളില്‍ സുചിന്തിത നിലപാട് സ്വീകരിക്കുകയെന്നത് ഇസ്‌ലാമികപ്രസ്ഥാനങ്ങളുടെ വ്യതിരിക്തതയാണ്.

ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും ജനങ്ങളെ ബോധവല്‍കരിക്കുകയും ചെയ്തുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ കടന്നുവന്നിട്ടുള്ളത്. ജീവല്‍പ്രശ്നങ്ങള്‍ക്കുള്ള അടിസ്ഥാനപരിഹാരമായി ദൈവികദര്‍ശനത്തെ സമര്‍പ്പിക്കുകയാണ് അവ ചെയ്തിട്ടുള്ളത്. അതിനാല്‍, മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ല.

അതത് കാലഘട്ടങ്ങളിലെ സാമൂഹികതിന്മകളോട് പൊരുതാത്ത ഒരൊറ്റ പ്രവാചകനമുണ്ടായിട്ടില്ല. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം സാമ്രാജ്യത്വത്തിനെതിരെ സമരരംഗത്തുള്ളത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മാത്രമാണ്. ഇത് തിരിച്ചറിഞ്ഞ സാമ്രാജ്യത്വം ഇസ്‌ലാമിനെ ശത്രുപക്ഷത്ത് നിര്‍ത്തി ആക്രമിക്കുകയാണ്.

മതം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് അപകടകരമാണെന്ന് പ്രചരിപ്പിക്കുകയും ഭീകരതയുടെ പേരില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച് ഭീതി സൃഷ്ടിക്കുകയുമാണ് സാമ്രാജ്യത്വം ചെയ്യുന്നത്. തദ്ഫലമായി മാപ്പുസാക്ഷിത്വ മനസ്ഥിതിയോടെയുള്ള പ്രതിരോധത്തിന് നാം നിര്‍ബന്ധിതരായിരിക്കുന്നു. ഭീകരവാദത്തിന് ഇസ്‌ലാമുമായി ബന്ധമില്ലെന്ന് പ്രഖ്യാപിക്കുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്യേണ്ട ഗതികേടിലാണ് മുസ്ലിംകള്‍.

അതേസമയം, ഇതര മതങ്ങളോ ദര്‍ശനങ്ങളോ ഇത്തരമൊരു ദുരവസ്ഥ നേരിടുന്നില്ല. ജീവല്‍പ്രശ്നങ്ങളില്‍ മതങ്ങള്‍ ഇടപെടുകയില്ലെന്ന് നാം നേരത്തെ സമ്മതിച്ചുകൊടുത്തതാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം. രാഷ്ട്രീയരംഗം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തതോടെ അവിടെ തിന്മകളുടെ തേരോട്ടത്തിന് കളമൊരുങ്ങി. ലോകതലത്തില്‍ സാമ്രാജ്യത്വവും ഇന്ത്യയില്‍ ഫാഷിസവും പിടിമുറുക്കാനത് കാരണമായി.

ഗുജറാത്തില്‍ മുസ്ലിം വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി രാജ്യത്ത് വികസനത്തിന്റെ റോള്‍മോഡലായി അവതരിപ്പിക്കപ്പെടുന്നു. കര്‍ണാടകയെ രണ്ടാം ഗുജറാത്താക്കി മാറ്റാനുള്ള ശ്രമങ്ങള്‍ തിരശ്ശീലക്ക് മുന്നിലും പിന്നിലുമായി നടന്നുകൊണ്ടിരിക്കുന്നു.
രാജ്യത്തുടനീളം വര്‍ഗീയതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ഭരണസംവിധാനങ്ങളെപ്പോലും ഉപയോഗപ്പെടുത്തുന്നു.

ജനപ്രതിനിധികള്‍ ജനങ്ങളോട് യാതൊരുകൂറും പുലര്‍ത്തുന്നില്ല. ക്രിമിനലുകളെയും കോടീശ്വരന്മാരെയും മാത്രം പാര്‍ട്ടിടിക്കറ്റില്‍ അണിനിരത്തുക വഴി നല്ലവരെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നിഷേധിക്കുകയാണ് നിലവിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നത്. ഇടതുപക്ഷത്തിനുപോലും സംശുദ്ധിയും ആര്‍ജവവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണ് ലാവ്‌ലിന്‍ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അധാര്‍മികതക്കും പലിശയില്‍ അധിഷ്ഠിതമായ ചൂഷകവ്യവസ്ഥക്കുമെതിരില്‍ പോരാട്ടം അനിവാര്യമായ സന്ദര്‍ഭമാണിത്.

ജനങ്ങള്‍ക്കുവേണ്ടി ദൈവത്താല്‍ നിയോഗിതരായവരെന്ന നിലക്ക് മുന്നില്‍ നടക്കാന്‍ ബാധ്യസ്ഥരാണ് മുസ്ലിംകള്‍. സാമ്രാജ്യത്വത്തെയും വര്‍ഗീയ ഫാഷിസത്തെയും ചെറുത്തുതോല്‍പിക്കാതെ മനുഷ്യസമൂഹത്തിനുവേണ്ടി പോരാടാനാവില്ലെന്നും ധാര്‍മികതക്കും നീതിക്കും വേണ്ടി ക്രിയാത്മക ഇടപെടലുകള്‍ നടത്തേണ്ട ഒടുവിലത്തെ സന്ദര്‍ഭമാണിതെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് പുതിയ രാഷ്ട്രീയകൂട്ടായ്മയുമായി ജമാഅത്ത് രംഗത്ത് വരുന്നതെന്നും ഒ. അബ്ദുറഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആനുകാലിക സംഭവങ്ങളോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ വര്‍ഗീയമോ സാമുദായികമോ ആയ പ്രതികരണമല്ല രൂപീകരിക്കാനിരിക്കുന്ന പുതിയ രാഷ്ട്രീയപാര്‍ട്ടിയെന്ന് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ വ്യക്തമാക്കി