Friday, March 20, 2009

ഖത്തര്‍ ഗതാഗത വാരാചരണം സമാപിച്ചു

ദോഹ:'നിങ്ങളെത്തുന്നതുവരെ വിളിക്കാതിരിക്കൂ' എന്ന പ്രമേയവുമായി വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി ഗള്‍ഫ് രാഷ്ട്ര സഹകരണ കൗണ്‍സില്‍ ഗതാഗത വാരാചരണം സമാപിച്ചു.

പൊതുസുരക്ഷാ ഡയറക്ടര്‍ ജനറല്‍ സാദുബിന്‍ ജാസ്സിം അല്‍ ഖുലൈഫിയാണ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. റുമേലയിലെ വിശാലമായ ഗ്രൗണ്ടിലാണ് വര്‍ണശബളമായ പരിപാടികളോടെ ആഘോഷത്തിന് തുടക്കംകുറിച്ചത്.

പോലീസ്‌സേനയുടെ പരേഡും ഗാര്‍ഡ് ഓഫ് ഓണറും പോലീസ് വാഹനങ്ങളുടെ ഘോഷയാത്രയും ഉദ്ഘാടനച്ചടങ്ങിന് മിഴിവേകിയിരുന്നു. സുരക്ഷിതമായ ഡ്രൈവിങ്ങിലൂടെ അപകടങ്ങള്‍ കുറയ്ക്കാനും നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനും കഴിയുമെന്നതിന്റെ ബോധവത്കരണമാണ് ഗതാഗത വാരാചരണത്തിലെ മുഖ്യ ഇനമായിരുന്നു.സിവില്‍ ഡിഫന്‍സ് വകുപ്പ് കെട്ടിടത്തിന് സമീപത്താണ് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ നടന്നത്.

ആഭ്യന്തര സുരക്ഷാസേന (ലഖുവിയ) ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പും ആഭ്യന്തരമന്ത്രി കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഭീകരാക്രമണം തടയുന്നതിന്റെയും മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന്റെയും ഡമോണ്‍സ്‌ട്രേഷനുമുണ്ടായിരുന്നു.

അപകടങ്ങളില്‍ തകര്‍ന്ന് അസ്ഥികൂടങ്ങളായി മാറിയ വാഹനങ്ങളുടെയും ആഭ്യന്തര വകുപ്പ് ഉപയോഗിക്കുന്ന വാഹനങ്ങളുടെയും പ്രദര്‍ശനം ചടങ്ങിലെ പ്രധാന ഭാഗമായിരുന്നു.

വാഹന അപകടങ്ങള്‍ തടയുന്നതിനുള്ള മുന്നറിയിപ്പുമായി നിരവധി ലഘുലേഖകള്‍ പ്രദര്‍ശന നഗരിയില്‍ ലഭ്യമായീരുന്നു. പരമ്പരാഗത ജീവിതവും കുലത്തൊഴിലും ചിത്രീകരിക്കുന്ന രംഗങ്ങള്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് പുതിയ തലമുറയ്ക്ക് ഏറെ പ്രയോജനപ്രദമായെന്ന് സ്വദേശികള്‍ അഭിപ്രായപ്പെട്ടു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

'നിങ്ങളെത്തുന്നതുവരെ വിളിക്കാതിരിക്കൂ' എന്ന പ്രമേയവുമായി വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി ഗള്‍ഫ് രാഷ്ട്ര സഹകരണ കൗണ്‍സില്‍ ഗതാഗത വാരാചരണം സമാപിച്ചു.