Friday, March 20, 2009

കാര്‍ റാലി:പ്രായോജകരാവാന്‍ ബര്‍വ രംഗത്ത്

ദോഹ:ഖത്തറിലെ കാര്‍ റാലി ചാമ്പ്യന്‍ നാസര്‍ സാലെ അല്‍ അത്തിയയുടെ മൂന്നു സീസണുകളിലായി നടക്കുന്ന പ്രമുഖമായ അന്താരാഷ്ട്ര മത്സരങ്ങളുടെ പ്രായോജകരാവാന്‍ ഖത്തറിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബര്‍വ രംഗത്തിറങ്ങി.

വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ്, മിഡില്‍ ഈസ്റ്റ് റാലികള്‍, പ്രശസ്തമായ പാരീസ് സക്കര്‍ റാലി എന്നിവയിലാണ് ബര്‍വ പ്രായോജകരാവുക. ഇതു സംബന്ധിച്ച തീരുമാനം ബര്‍വ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗാനം ബിന്‍സാദ് അല്‍ സാദ്, ഖത്തര്‍ പ്രീമിയര്‍ റാലി ഡ്രൈവര്‍ നാസര്‍ സാലെ അല്‍ അത്തിയയുടെ സാന്നിധ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

''ഞങ്ങളുടെ ബ്രാന്‍ഡിന് അന്താരാഷ്ട്ര പ്രശസ്തി ലഭ്യമാക്കുന്നതോടൊപ്പംതന്നെ കായികരംഗത്തെ വ്യക്തികളെ പ്രോത്സാഹിപ്പിക്കാനുള്ള സാമൂഹികബാധ്യത കൂടിയാണ് നിറവേറ്റുന്നത്''- അല്‍സാദ് പറഞ്ഞു.

ഖത്തര്‍ കാര്‍ റാലിയില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി പ്രായോജകരാകാനാണ് കരാറിലെ വ്യവസ്ഥ. ഒപ്പം വേള്‍ഡ് റാലികള്‍ക്കും മിഡില്‍ ഈസ്റ്റ് റാലികള്‍ക്കും പിന്തുണ നല്കും. എന്നാല്‍ പാരീസ് ഡക്കര്‍ റാലിയുടെ ഒരു സീസണില്‍ മാത്രമാണ് പ്രായോജകരാവുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

നാസര്‍ സാലെ അല്‍ അത്തിയയുടെ ജന്മസിദ്ധമായ കഴിവ് പ്രകടിപ്പിക്കാന്‍ പ്രചോദനം നല്കി, രാജ്യത്തിന്റെ സന്താനമാക്കി അദ്ദേഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാവിധ പിന്തുണയും കമ്പനി നല്കും. നാസറിലൂടെ 'ബര്‍വ'യ്ക്ക് അന്താരാഷ്ട്രതലത്തില്‍ വിപണി കണ്ടെത്താനും മേഖലയില്‍ പ്രശസ്തി കൈവരിക്കാനും കഴിയുമെന്നും സാദ് പറഞ്ഞു.

ബര്‍വ വേള്‍ഡ് റാലി ടീം ടെക്‌നിക്കല്‍ മാനേജര്‍ കെന്‍സ്‌കിഡ്‌മോര്‍, നാസര്‍ അല്‍ അത്തിയയുടെ ഇറ്റാലിയന്‍ സഹഡ്രൈവര്‍ ജിയോവന്നി ബര്‍ണാക്കിനി എന്നിവരും മില്ലെനിയം ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ കാര്‍ റാലി ചാമ്പ്യന്‍ നാസര്‍ സാലെ അല്‍ അത്തിയയുടെ മൂന്നു സീസണുകളിലായി നടക്കുന്ന പ്രമുഖമായ അന്താരാഷ്ട്ര മത്സരങ്ങളുടെ പ്രായോജകരാവാന്‍ ഖത്തറിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബര്‍വ രംഗത്തിറങ്ങി.