Sunday, June 14, 2009

ഭക്ഷ്യസാധന പരിശോധന:ഗള്‍ഫില്‍ ഏകീകൃത സംവിധാനം

ദോഹ:ഭക്ഷണസാധനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പരിശോധന ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏകീകരിച്ചു നടത്താന്‍ സംവിധാനമൊരുങ്ങുന്നു. ഭക്ഷണസാധനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും വിതരണാനുമതി നല്‍കുക.

ഇതിന് മുന്നോടിയായി ഭക്ഷണസാധനങ്ങള്‍ ജി.സി.സി.രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിന് മുമ്പായി പൊതുവായ പരിശോധന നടത്തുന്നതിനുള്ള ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കും.

നിലവില്‍ ഓരോ ഗള്‍ഫ് രാജ്യങ്ങളും സ്വതന്ത്രമായിത്തന്നെ പരിശോധന നടത്തിയശേഷമാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നത്. ഒരു രാജ്യത്തിന് ഒരിനം ഭക്ഷണസാധനം ഇറക്കാനും മറ്റുള്ള രാജ്യങ്ങള്‍ക്ക് വേണമെങ്കില്‍ തിരസ്‌കരിക്കാനും നിലവിലുള്ള നിയമപ്രകാരം കഴിയും. ഗള്‍ഫ് രാഷ്ട്ര സഹകരണകൗണ്‍സില്‍ അംഗ രാജ്യങ്ങള്‍ ഫുഡ്‌സേഫ്റ്റി കമ്മിറ്റിക്ക് രൂപം നല്‍കുന്നതിന് സംയുക്ത പാനലുണ്ടാക്കും. ഇടയ്ക്കിടെ പ്രശ്‌നം ചര്‍ച്ച ചെയ്യാറുണ്ട്. ഭക്ഷണസാധനങ്ങളുടെ ഇറക്കുമതിയും പരിശോധനയും സഹകരണാടിസ്ഥാനത്തില്‍ നടത്തുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാനും സജീവമാക്കാനും വഴിയൊരുക്കുമെന്നാണ് ജി.സി.സി. വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നേരത്തെ അബുദാബിയിലും കുറച്ചു നാളുകള്‍ക്ക് മുമ്പ് ദോഹയിലും സേഫ്റ്റി കമ്മിറ്റി ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. ആരോഗ്യ ഉന്നതാധികാര സമിതിയാണ് യോഗം സംഘടിപ്പിച്ചിരുന്നത്.

പൊതുവായ സുരക്ഷാനിയമത്തിന്റെ ചട്ടക്കൂടുണ്ടാക്കുന്നതിനെക്കുറിച്ചും അത് ശക്തമായി നടപ്പിലാക്കുന്നതിനെക്കുറിച്ചുമാണ് ദ്വിദിനയോഗം ചര്‍ച്ച നടത്തിയത്. നിലവിലുള്ള അപാകങ്ങള്‍ പരിഹരിച്ച് ഒരു ഏകീകൃത ഭക്ഷ്യ സുരക്ഷാനിയമവും ഇറക്കുമതി നിയമവും മേഖലയ്ക്കാകെ ബാധിക്കുന്ന രീതിയില്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങളെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്.

ഗുണകരമല്ലാത്തതും യോജ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ ഒരൊറ്റ ഗള്‍ഫ് രാജ്യങ്ങളിലും ഇറക്കാനനുവദിക്കുന്നതല്ലെന്നതാണ് നിയമം ഉറപ്പുവരുത്തുന്ന ആശയം. ചില പ്രത്യേക ഭക്ഷണം മറ്റു ചില രാജ്യങ്ങളില്‍ നിരോധിച്ചത് ചില രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഭക്ഷണസാധനങ്ങള്‍ അപകടകരമാണെങ്കില്‍ അത് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കി അത് തിരസ്‌കരിക്കാനുള്ള വിദഗ്ധര്‍ പ്രാദേശികമായോ മേഖലാടിസ്ഥാനത്തിലോ ഇല്ലെന്നതാണ് ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

കമ്മിറ്റി ബന്ധപ്പെട്ട അധികൃതരുമായി വിനിമയം നടത്തി ഒരു പൊതു നിയമം നടപ്പിലാക്കുന്നതിനുള്ള ഊര്‍ജിത ശ്രമം നടത്താന്‍ യോഗം തീരുമാനിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഭക്ഷണസാധനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള പരിശോധന ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഏകീകരിച്ചു നടത്താന്‍ സംവിധാനമൊരുങ്ങുന്നു. ഭക്ഷണസാധനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും വിതരണാനുമതി നല്‍കുക.