Wednesday, May 26, 2010

അനധികൃത സെക്യൂരിറ്റി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി : ബ്രിഗേഡിയര്‍ അഹമ്മദ് ജാസിം ആല്‍ജുഫൈരി

ദോഹ: ആഭ്യന്തരമന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് പബ്ലിക് ഗാര്‍ഡ്സ് ഡിപാര്‍ട്ടുമെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് ജാസിം ആല്‍ജുഫൈരി വ്യക്തമാക്കി.

അടുത്തിടെ നടന്ന പരിശോധനയില്‍ പല കമ്പനികളും നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവക്കെതിരെ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന നിയമപ്രകാരം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കാന്‍ ഈ വര്‍ഷം വരെ സമയം അനുവദിച്ചിരുന്നു.

കാലാവധി പിന്നിട്ടിട്ടും നിയമപ്രകാരമുള്ള ലൈസന്‍സ് സമ്പാദിക്കാനാകാത്ത സ്ഥാപനങ്ങളെ ഇത്തരം സേവനം തുടരാന്‍ അനുവദിക്കില്ല. സ്വകാര്യ സെക്യൂരിറ്റി സേവനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലൈസന്‍സിന് അപേക്ഷിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഇന്‍ചാര്‍ജ് പൊലീസിലോ, ഖത്തര്‍ സൈന്യത്തിലോ, മറ്റേതെങ്കിലും സൈനിക, സുരക്ഷാ മേഖലകളിലോ സേവനമനുഷ്ഠിച്ച ഖത്തര്‍ സ്വദേശിയായിരിക്കണം.

ചില സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി നല്‍കുന്ന പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുന്നുണ്ട്. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ജോലികളെ കുറിച്ചും ലൈസന്‍സിനായുള്ള അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ലൈസന്‍സിനുള്ള അപേക്ഷാഫോറം ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ലഭ്യമാണ്. ഓണ്‍ലൈനായി തന്നെ അപേക്ഷിക്കാവുന്നവിധമാണ് അപേക്ഷഫോറം തയാറാക്കിയിട്ടുള്ളത്.

ഖത്തറില്‍ സ്വകാര്യ സെക്യൂരിറ്റി സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേകലൈസന്‍സും അവര്‍ പാലിക്കേണ്ട ചട്ടങ്ങളും നിര്‍ദേശിപ്പിട്ടുണ്ട്. ഇവ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഭ്യന്തരമന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് പബ്ലിക് ഗാര്‍ഡ്സ് ഡിപാര്‍ട്ടുമെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് ജാസിം ആല്‍ജുഫൈരി വ്യക്തമാക്കി.