Tuesday, July 27, 2010

കഴിഞ്ഞവര്‍ഷം ഖത്തര്‍ പ്രവാസികള്‍ നാട്ടിലേക്കയച്ചത് 2533 കോടി റിയാല്‍

ദോഹ: ഖത്തറില്‍ നിന്ന് കഴിഞ്ഞവര്‍ഷം പ്രവാസികള്‍ തങ്ങളുടെ നാടുകളിലേക്കയച്ചത് 2533 കോടി റിയാല്‍ (ഏകദേശം 700 കോടി ഡോളര്‍). തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33.3 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇതുസംബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം രാജ്യത്തെ ജനസംഖ്യയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇതില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണെന്നും ഖത്തര്‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതോറിറ്റിയുടെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം രാജ്യത്തെ ജനസംഖ്യ 1630000 ആണ്.

ജനസംഖ്യ പതിനഞ്ചര ലക്ഷമായിരുന്ന 2008ല്‍ 1903 കോടി റിയലാണ് പ്രവാസികള്‍ നാട്ടിലേക്കയച്ചത്. 2007ല്‍ 1.22 ദശലക്ഷമായിരുന്നു രാജ്യത്തെ ജനസംഖ്യ. ആ വര്‍ഷം പ്രവാസി തൊഴിലാളികള്‍ ഖത്തറില്‍ നിന്ന് 1425 കോടി റിയാല്‍ നാട്ടിലേക്കയച്ചു. 1094 കോടി റിയാല്‍ പ്രവാസികള്‍ സ്വന്തം നാടുകളിലേക്കയച്ച 2006ല്‍ 1.04 ദശലക്ഷമായിരുന്നു രാജ്യത്തെ ജനസംഖ്യ. ഔദ്യോഗിക സെന്‍സസ് പ്രകാരം 2004ല്‍ 744000 ജനങ്ങളാണ് ആകെ രാജ്യത്തുണ്ടായിരുന്നത്. ആ വര്‍ഷം 1100 കോടി റിയാല്‍ പ്രവാസികള്‍ നാട്ടിലേക്കയച്ചിട്ടുണ്ട്.2004ന് ശേഷം ഖത്തറിലെ ജനസംഖ്യയിലുണ്ടായ വര്‍ധനവിനാനുപാതികമായി ഇവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് റിയാലിന്റെ ഒഴുക്കും കൂടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആഗോള മാന്ദ്യത്തിനിടയിലും രാജ്യം കൈവരിച്ച സാമ്പത്തിക വളര്‍ച്ചയും നിര്‍മാണമേഖലയിലെ മുന്നേറ്റവും ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളെ ഇവിടേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. 2005 മുതല്‍ 2009 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ ദിനംപ്രതിയെന്നോണം പ്രവാസി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയായിരുന്നുവെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലയളവില്‍ മൊത്തം 8600 കോടിയോളം റിയാല്‍ (ഏകദേശം 2400 കോടി ഡോളര്‍) പ്രവാസി തൊഴിലാളികള്‍ നാട്ടിലേക്കയച്ചിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ നിന്ന് കഴിഞ്ഞവര്‍ഷം പ്രവാസികള്‍ തങ്ങളുടെ നാടുകളിലേക്കയച്ചത് 2533 കോടി റിയാല്‍ (ഏകദേശം 700 കോടി ഡോളര്‍). തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33.3 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇതുസംബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.