Tuesday, July 27, 2010

ലോക മലയാളി കൗണ്‍സില്‍ സമ്മേളനം നാളെ മുതല്‍

ദോഹ: ലോക മലയാളി കൗണ്‍സില്‍ സമ്മേളനം നാളെ മുതല്‍ 31 വരെ ദോഹയില്‍ വെച്ച് ചേരുന്നു. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, ചലച്ചിത്രതാരങ്ങള്‍, നയതന്ത്രപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നായി 400ഓളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനപരിപാടികള്‍ റമദ ഹോട്ടലിലും മറ്റ് സെഷനുകള്‍ ദോഹ ഗ്രാന്റ് ഹോട്ടലിലുമായിട്ടാകും നടക്കുക. 28, 31 തീയതികളില്‍ ബിസിനസ് മീറ്റും 29, 30 തീയതികളില്‍ പൊതുസമ്മേളനവും സാംസ്‌കാരിക പരിപാടികളുമാണ് ഒരുക്കിയിട്ടുള്ളത്.

വിവിധ സെഷനുകളിലും പൊതുസമ്മേളനത്തിലും സമാപനച്ചടങ്ങിലുമായി കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, സംസ്ഥാന വ്യവസായ മന്ത്രി എളമരം കരീം, വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍, ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദന്‍, കെ.പി.സി.സി അധ്യക്ഷന്‍ രമേഷ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മുന്‍ എം.പി അബ്ദുസ്സമദ് സമദാനി, കേരള സംഗീതനാടക അക്കാദമി ചെയര്‍മാനും നടനുമായ മുകേഷ്, യു.എന്നിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, ദോഹ ബാങ്ക് സി.ഇ.ഒ ആര്‍ സീതാരാമന്‍, മാധ്യമപ്രവര്‍ത്തകരായ ജോസ് പനച്ചിപ്പുറം, ടി.എന്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ എം.ഡി അല്‍കേഷ് ശര്‍മ എന്നിവരടങ്ങിയ അഞ്ചംഗ സംഘവും വ്യവസായമന്ത്രിയ അനുഗമിക്കുന്നുണ്ട്.

കേരളത്തിലെ വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 ഉം ദോഹയിലെ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30ഉം വിദ്യാര്‍ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 'രാഷ്ട്രനിര്‍മാണത്തില്‍ യുവാക്കളുടെ പങ്ക്' എന്ന വിഷയത്തില്‍ മന്ത്രി എം.എ ബേബി വിദ്യാര്‍ഥിളെ അഭിസംബോധന ചെയ്യും. 'കേരളത്തിന്റെ വികസനത്തില്‍ വിദേശ ഇന്ത്യക്കാരുടെ പങ്ക്' എന്ന തലക്കെട്ടില്‍ നടക്കുന്ന സെഷനില്‍ ആര്‍. സീതാരാമന്‍ അധ്യക്ഷത വഹിക്കും. 30ന് വൈകിട്ട് സമാപനസമ്മേളനം മന്ത്രി വയലാര്‍ രവിയും സാംസ്‌കാരിക മേള നടന്‍ മുകേഷും ഉദ്ഘാടനം ചെയ്യും. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയായിരിക്കും വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിക്കുക. തുടര്‍ന്ന്, മേതില്‍ ദേവിക അവതരിപ്പിക്കുന്ന മോഹിനിയാട്ടം, രാജശ്രീവാര്യരുടെ ഭരതനാട്യം, ദോഹയിലെ വിവിധ ഗ്രൂപ്പുകളുടെ ശാസ്ത്രീയ നൃത്തങ്ങള്‍, പഞ്ചാരിമേളം, ദോഹ മെലഡീസ് ഒരുക്കുന്ന സംഗീതവിരുന്ന് എന്നിവ അരങ്ങേറും.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ലോക മലയാളി കൗണ്‍സില്‍ സമ്മേളനം നാളെ മുതല്‍ 31 വരെ ദോഹയില്‍ വെച്ച് ചേരുന്നു. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, ചലച്ചിത്രതാരങ്ങള്‍, നയതന്ത്രപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നായി 400ഓളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനപരിപാടികള്‍ റമദ ഹോട്ടലിലും മറ്റ് സെഷനുകള്‍ ദോഹ ഗ്രാന്റ് ഹോട്ടലിലുമായിട്ടാകും നടക്കുക. 28, 31 തീയതികളില്‍ ബിസിനസ് മീറ്റും 29, 30 തീയതികളില്‍ പൊതുസമ്മേളനവും സാംസ്‌കാരിക പരിപാടികളുമാണ് ഒരുക്കിയിട്ടുള്ളത്.