Monday, July 12, 2010

വൈക്കം മുഹമ്മദ് ബഷീര്‍ : മലയാള ഭാഷക്കും സാഹിത്യത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ മഹാനായ എഴുത്തുകാരന്‍



ദോഹ: മലയാള ഭാഷക്കും സാഹിത്യത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ മഹാനായ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ മലയാള വകുപ്പ് മേധാവി പി. എ. അബ്ദുല്‍ കരീം അഭിപ്രായപ്പെട്ടു. ഗള്‍ഫ് മലയാളി ഡോട്ട് കോം ഖത്തറിലെ മീഡിയ പ്‌ളസുമായി സഹകരിച്ച് മുഗള്‍ എംബയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരന്ന വായനയുടെയും ജീവിതാനുഭവങ്ങളുടേയും പിമ്പലത്തില്‍ സ്വായത്തമാക്കിയ അതിരുകളില്ലാത്ത കാഴ്ചയിലൂടെ സൗഹൃദത്തിന്റേയും വിശാലമനസ്‌കതയുടേയും ലോകത്തേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ പരിശ്രമിച്ച മനുഷ്യ സ്‌നേഹിയായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്നത് ആഗോളവല്‍ക്കണത്തിന്റേയും ഉപഭോഗസംസ്‌കാരത്തിന്റേയും ലോകത്ത് ബഷീറിനെ ഏറെ പ്രസക്തനാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അധിനിവേശവും പകല്‍കൊള്ളകളും രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മനുഷ്യ ബന്ധങ്ങളെ വിസ്മരിക്കുന്ന സമകാലിക സമൂഹത്തില്‍ ഭൂമിയുടെ അവകാശികള്‍ എന്ന ഒരൊറ്റ കൃതി മതി ബഷീറിനെ അനശ്വരനാക്കുവാന്‍ എന്നാണ് താന്‍ കരുതുന്നതെ ന്ന് കരീം മാസ്റ്റര്‍ പറഞ്ഞു. എല്ലാം വാങ്ങാനും വില്‍ക്കാനുമുള്ളതാണ് എന്ന ചിന്തയില്‍ ലോകക്രമങ്ങള്‍ തന്നെ മാറുമ്പോള്‍ ഭൂമിയുടെ അവകാശികള്‍ എന്ന അനശ്വര രചനയിലൂടെ ജൈവികവും ഭൗമികവുമായ സുന്ദരമായ വീക്ഷണമാണ് ബഷീര്‍ അവതരിപ്പിച്ചത്. മാത്രമല്ല മനുഷ്യ മനസിന്റെ അധിനിവേശവും പൈശാചികതയും സംസ്‌ക്കരിക്കുവാന്‍ ഉല്‍കൃഷ്ട കൃതികള്‍ക്കാകുമെന്ന് തന്റെ രചനകളിലൂടെ ബഷീര്‍ തെളിയിക്കുകയും ചെയ്തു. എപ്പോഴും ഉയര്‍ന്ന വിതാനത്തിലിരുന്ന് താഴേക്ക് നോക്കാന്‍ ആഗ്രഹിച്ച ബഷീര്‍ മാനവരാശിയുടെ വളര്‍ച്ചാവികാസത്തിനും ഉല്‍ക്കര്‍ഷത്തിനും ചാലക ശക്തിയായി സാഹിത്യസൃഷ്ടികള്‍ക്ക് മാറാനാകുമെന്ന് തെളിയിക്കുകയായിരുന്നു.

സാധാരണ ഗ്രാമീണ ജീവിതത്തില്‍ പരിചയിക്കുന്ന കഥാപാത്രങ്ങളേയും ജീവിതാനുഭവങ്ങളേയും സ്വന്തമായ ശൈലിയില്‍ അവതരിപ്പിച്ച് മലയാള സാഹിത്യത്തിലെന്നല്ല ലോക സാഹിത്യത്തില്‍ തന്നെ വിസ്മയകരമായ ഇതിഹാസം സൃഷ്ടിച്ച മഹാനായ കഥാകാരനാണ് ബഷീറെന്ന് ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ച മുഹമ്മദ് പാറക്കടവ് പറഞ്ഞു.

ബഷീറിന്റെ മനുഷ്യ പറ്റും കഥാപാത്രങ്ങളുടെ തനി.മയും മലയാള സാഹിത്യ നഭസ്സില്‍ എന്നും വെട്ടിത്തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഓരോ വായനക്കാരന്റേയും നോസ്റ്റാള്‍ജിയയെ തൊട്ടുണര്‍ത്തുകയും ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങള്‍ക്ക് നൈസര്‍ഗികമായ രീതിയില്‍ ചാരുതപകരുകയാണ് ബഷീര്‍ ചെയ്തത്.. ഏതു വായനക്കാരനും ബഷീറിലേക്ക് ചെല്ലാം. അതുപോലെ ഏതു വായനക്കാരിലേക്കും ബഷീറും ചെല്ലും. ജനകീയമായ രീതിയില്‍ നമ്മുടെ സങ്കല്‍പങ്ങളേയും പച്ചപ്പുകളേയും ഗൃഹാതുരത്വത്തേയും ഉണര്‍ത്താന്‍ കഴിയുന്ന ബഷീറിയന്‍ ശൈലി സാഹിത്യത്തില്‍ എന്നും വേറിട്ടുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആത്യന്തികമായ സത്യത്തെ തേടുന്ന മനുഷ്യ സ്‌നേഹിയായ എഴുത്തുകാരനായ ബഷീര്‍ ജ്ഞാനിയായ സാഹിത്യകാരനാണ്. തന്റെ ജീവിതാനുഭവങ്ങളും ചുറ്റുപാടുകളും ആവാഹിച്ച് ജീവിതത്തിന്റെ രക്തമൂറ്റി ബഷീര്‍ എഴുതിയ ഓരോ വരിയും കാലഗണനകള്‍ക്കതീതമായി മലയാളി മനസുകളില്‍ ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതാനുഭവങ്ങളും ചുറ്റുപാടുകളും ആവാഹിച്ച് ജീവിതത്തിന്റെ രക്തമൂറ്റി ബഷീര്‍ എഴുതിയ ഓരോ വരിയും കാലഗണനകള്‍ക്കതീതമായി മലയാളി മനസുകളില്‍ ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മലയാള സാഹിത്യത്തിലെ കുലപതിയായ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നും വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരനാണെ ന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസ് പറഞ്ഞു. വേറിട്ട രചനകളിലൂടെ സാഹിത്യ നഭസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ച മഹാനാണ് അദ്ദേഹം. വായിക്കും തോറും വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന ബ.ഷീറിനോ കൃതികള്‍ക്കോ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ല എന്നത് മലയാളികളുടെ സമീപനത്തിന്റേ.യും നിലപാടിന്റേയും പ്രശ്‌നമാണെ ന്ന് വര്‍ഗീസ് പറഞ്ഞു.
സാധാരണ ജീവിതത്തിന്റെ ഓജസ്സുള്ള ഭാഷയിലൂടെ ഏതൊരു ആസ്വാദകനേയും ബഷീര്‍ വിസ്മയിപ്പിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സി. ആര്‍. മനോജ് പറഞ്ഞു. മനുഷ്യന്റെ ഗന്ധം കൃത്യമായി തിരിച്ചറിഞ്ഞ ബഷീര്‍ മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയും കള്ളികളില്‍ തളച്ചിടാന്‍ കഴിയാത്ത ബഷീര്‍ വിശ്വമാനവികതയാണ് സാഹിത്യകാരന്റെ ഭൂമികയെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കാനാണ് പരിശ്രമിച്ചത്.

കഥാസാഹിത്യത്തിലെ കാലഭൈരവനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ബഷീര്‍ ഒരു സമകാലിക വായന എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ച എം. ടി. നിലമ്പൂര്‍ പറഞ്ഞു.

അന്‍വര്‍ ബാബു, സോമന്‍ പൂക്കാട്, പി.കെഎം. കുട്ടി, മഹ് മൂദ് മാട്ടൂല്‍ സംസാരിച്ചു. ഗള്‍ഫ് മലയാളി ഡോട്ട് കോം മാനേജിംഗ് ഡയറക്ടര്‍ സകരി യ്യ സലാഹുദ്ധീന്‍ സ്വാഗതവും അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു.           

1 comment:

Unknown said...

മലയാള ഭാഷക്കും സാഹിത്യത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ മഹാനായ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ മലയാള വകുപ്പ് മേധാവി പി. എ. അബ്ദുല്‍ കരീം അഭിപ്രായപ്പെട്ടു. ഗള്‍ഫ് മലയാളി ഡോട്ട് കോം ഖത്തറിലെ മീഡിയ പ്‌ളസുമായി സഹകരിച്ച് മുഗള്‍ എംബയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.