Sunday, July 25, 2010

നാട്ടില്‍ നിന്ന് ഹജ്ജിന് പോകുന്ന പ്രവാസികള്‍ക്ക് പാസ്പ്പോര്‍ട്ട് തിരികെകിട്ടാന്‍ രണ്ടുമാസത്തെ സമയം എടുക്കും


ദോഹ: നാട്ടിലെത്തി ഹജ്ജിന് പോകുന്ന പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് ഹാജരാക്കുന്നതുസംബന്ധിച്ച അധികൃതരുടെ നിബന്ധന ഇക്കുറിയും തലവേദനയാകുന്നു. ഹജ്ജുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി നവംബറോടെ മാത്രമേ പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടൂ എന്നിരിക്കെ ആഗസ്റ്റ് 31നകം പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന നിര്‍ദേശമാണ് പ്രവാസിഹാജിമാര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

ആഗസ്റ്റ് 31നകം പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നാണ് ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചിരിക്കുന്ന പൊതുനിര്‍ദേശം. പ്രവാസികള്‍ക്ക് ആവശ്യമെങ്കില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെപ്തംബര്‍ 10 വരെ സമയം അനുവദിക്കാമെന്ന് അനൗദ്യോഗിക തീരുമാനവുമുണ്ട്. ഒന്നോ രണ്ടോ പേരുടെ പ്രശ്‌നമാണെങ്കില്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടെടുക്കാമെന്നും എന്നാല്‍ കൂടുതല്‍ പ്രവാസി ഹാജിമാര്‍ ഉള്ള സാഹചര്യത്തില്‍ പൊതുനിര്‍ദേശം മറികടന്ന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

നാട്ടിലെത്തി ഹജ്ജിന് പോകുന്ന പ്രവാസികള്‍ അത്രയധികമില്ലെങ്കിലും അങ്ങനെ പോകുന്നവരെ സംബന്ധിച്ചിടത്തോളം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിബന്ധന ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് തന്നെയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ഇതേവിഷയം ഇതിനകം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പ്രായോഗികമായി ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെന്ന നിസ്സഹായാവസ്ഥയാണ് അധികൃതര്‍ പ്രകടിപ്പിക്കുന്നത്. സെപ്തംബര്‍ പത്തിന് മുമ്പ് പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചാലും തിരിച്ചു കിട്ടാന്‍ രണ്ടരമാസമെങ്കിലുമെടുക്കും.

ഇത്രയും കാലം അവധി ലഭിക്കില്ലെന്നതാണ് നാട്ടിലെത്തി ഹജ്ജിന് പോകാനൊരുങ്ങുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഖത്തറില്‍ വിവിധ കമ്പനികളിലും സര്‍ക്കാര്‍ സര്‍വീസിലും ജോലി ചെയ്യുന്നവര്‍ക്ക് പരമാവധി ലഭിക്കുന്ന അവധി ഒരു മാസമോ ഒന്നരമാസമോ ആണ്. ഹജ്ജിനോടടുപ്പിച്ച് അവധിയില്‍ പ്രവേശിച്ച് തീര്‍ഥാടനം പൂര്‍ത്തിയാക്കി തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് ഇവിടെ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ നാട്ടില്‍നിന്ന് ഹജ്ജ് യാത്രക്കൊരുങ്ങിയത്.

നേരത്തെ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നുവന്നതോടെ മൂന്നുമാസമെങ്കിലും അവധി ലഭിച്ചാലേ ഹജ്ജ് നിര്‍വഹിക്കാനാകൂ എന്ന അവസ്ഥയായി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഹജ്ജിന് പോകാന്‍ ഉദ്ദേശിച്ചവരാണ് കേരളം വഴിയുള്ള യാത്രക്കൊരുങ്ങിയത്. ഒന്നുകില്‍ ഖത്തറില്‍ നിന്ന് ഹജ്ജിന് പോകുക അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കുക എന്ന അവസ്ഥയിലാണ് ഇവര്‍ ഇപ്പോള്‍.

കഴിഞ്ഞവര്‍ഷവും പ്രവാസി ഹാജിമാര്‍ ഇതേ പ്രശ്‌നം നേരിട്ടിരുന്നു. അന്ന് ചിലര്‍ പരാതിയുമായി ഖത്തറിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചതിനെത്തുടര്‍ന്ന് പ്രശ്‌നം ചൂണ്ടിക്കാട്ടി അംബാസഡര്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍, പരാതിക്കാരായ ഹാജിമാര്‍ക്ക് മാത്രം കുറച്ചുകൂടി സമയം നീട്ടി നല്‍കുകയല്ലാതെ ഇക്കാര്യത്തില്‍ ഒരു പൊതുതീരുമാനം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുണ്ടായില്ല.

അതേസമയം, ഹജ്ജ്കമ്മിറ്റി വഴി പോകുന്ന ഹാജിമാരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും അതുകൊണ്ടാണ് പാസ്‌പോര്‍ട്ട് നേരത്തെ ഹാജരാക്കാന്‍ നിര്‍ദേശിച്ചതെന്നുമാണ് ഇക്കാര്യത്തില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി സമയം നീട്ടിക്കൊടുക്കുന്നത് അപ്രായോഗികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നാട്ടിലെത്തി ഹജ്ജിന് പോകുന്ന പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് ഹാജരാക്കുന്നതുസംബന്ധിച്ച അധികൃതരുടെ നിബന്ധന ഇക്കുറിയും തലവേദനയാകുന്നു. ഹജ്ജുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി നവംബറോടെ മാത്രമേ പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടൂ എന്നിരിക്കെ ആഗസ്റ്റ് 31നകം പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന നിര്‍ദേശമാണ് പ്രവാസിഹാജിമാര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.