Tuesday, July 13, 2010

എ.ടി.എം കവര്‍ച്ച : ശ്രീലങ്കക്കാര്‍ക്ക് തടവുശിക്ഷ

ദോഹ : എ.ടി.എം കൗണ്ടറില്‍ നിന്ന് നാല് ലക്ഷം റിയാലിലധികം കവര്‍ന്ന കേസില്‍ മൂന്ന് ശ്രീലങ്കക്കാര്‍ക്ക് കോടതി ഓരോ വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു. മോഷ്ടിച്ച പണം രഹസ്യമായി സൂക്ഷിച്ച ഇവരുടെ രണ്ട് കൂട്ടാളികള്‍ക്കും ഓരോ വര്‍ഷം വീതം തടവ് വിധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നവംബറിലാണ് കേസിനാസ്‌പദമായ സംഭവം.


പ്രതികളില്‍ ഒരാള്‍ സെക്യൂരിറ്റി കമ്പനിയിലെ ജോലിക്കാരനായിരുന്നു. എ.ടി.എം കൗണ്ടറിലെ മുന്നറിയിപ്പ് സംവിധാനത്തിന്റെ മേല്‍നോട്ടച്ചുമതല ഈ കമ്പനിക്കായിരുന്നു. ജോലിക്കിടെ കാര്യങ്ങള്‍ നിരീക്ഷിച്ച് മനസ്സിലാക്കിയ ശേഷം മുന്നറിയിപ്പ് സംവിധാനവും കൗണ്ടറിലെ ക്യാമറയും പ്രവര്‍ത്തനഹിതമാക്കിയാണ് ഇയാള്‍ കവര്‍ച്ചക്ക് അവസരമൊരുക്കിയത്. പണംകവര്‍ന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ ഇതിന് പിന്നില്‍ എ.ടി.എം മെഷീന്റെ രഹസ്യ കോഡ് അറിയാവുന്ന ആരെങ്കിലുമായിരിക്കുമെന്ന് തങ്ങള്‍ക്ക് വ്യക്തമായിരുന്നെന്ന് സെക്യൂരിറ്റി കമ്പനി അധികൃതര്‍ പോലിസിനോട് പറഞ്ഞു. 


പ്രതിയായ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോള്‍ തന്റെ രണ്ട് കൂട്ടുകാരാണ് കൗണ്ടറില്‍ നിന്ന് പണം കവര്‍ന്നതെന്നും മെഷീന്റെ രഹസ്യകോഡ് അറിയാമായിരുന്ന താനാണ് അതിന് സൗകര്യമൊരുക്കിയതെന്നും പോലിസിനോട് സമ്മതിച്ചു. 437100 റിയാലാണ് കൗണ്ടറില്‍ നിന്ന് കവര്‍ച്ച ചെയ്തത്. പ്രതികള്‍ മൂന്നുപേരും കുറ്റം കോടതിയില്‍ സമ്മതിച്ചു. എന്നാല്‍, പണം സൂക്ഷിച്ചതിന് അറസ്റ്റിലായവര്‍ പണത്തിന്റെ ഉറവിടം തങ്ങള്‍ക്കറിയാമായിരുന്നില്ലെന്ന് കോടതിയില്‍ ബോധിപ്പിച്ചെങ്കിലും ഈ വാദം അംഗീകരിച്ചില്ല. 
മോഷ്ടിച്ച തുകയില്‍ 415300 റിയാല്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ബാക്കി തുക ശ്രീലങ്കയിലേക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. 

1 comment:

Unknown said...

.ടി.എം കൗണ്ടറില്‍ നിന്ന് നാല് ലക്ഷം റിയാലിലധികം കവര്‍ന്ന കേസില്‍ മൂന്ന് ശ്രീലങ്കക്കാര്‍ക്ക് കോടതി ഓരോ വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു. മോഷ്ടിച്ച പണം രഹസ്യമായി സൂക്ഷിച്ച ഇവരുടെ രണ്ട് കൂട്ടാളികള്‍ക്കും ഓരോ വര്‍ഷം വീതം തടവ് വിധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നവംബറിലാണ് കേസിനാസ്‌പദമായ സംഭവം.