Thursday, September 16, 2010

2022ലെ ലോകകപ്പ് ബിഡ്: ഫിഫ സന്ദര്‍ശനം ഇന്നു അവസാനിക്കും


ദോഹ: 2022ലെ ലോകകപ്പിന് വേദിയൊരുക്കുന്നതിന് ഖത്തര്‍ സമര്‍പ്പിച്ചിട്ടുള്ള ബിഡുമായി ബന്ധപ്പെട്ട് ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ചൊവ്വാഴ്ച തുടങ്ങിയ പരിശോധനകള്‍ ഇന്നത്തോടെ സമാപിക്കും.

നിര്‍ദിഷ്ട അന്താരാഷ്ട്രവിമാനത്താവളം, മെട്രോ, റെിയില്‍വെ ശൃംഖല തുടങ്ങിയവ ഉള്‍പ്പെടുന്ന പൊതുഗതാഗത സംവിധാനങ്ങള്‍, ഹോട്ടല്‍ സൗകര്യങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്നലെ സംഘം വിലയിരുത്തിയത്. സ്‌റ്റേഡിയങ്ങളിലും ഗ്യാലറികളിലും പരിശീലനകേന്ദ്രങ്ങളിലും ചൂട് ക്രമീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പരിശോധിച്ച സംഘം ഖലീഫ സ്‌റ്റേഡിയവും സന്ദര്‍ശിച്ചു.


ടൂര്‍ണമെന്റിനായി പരിഗണിക്കുന്നവയെല്ലാം കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍ഗമനം പൂര്‍ണമായും ഒഴിവാക്കി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശീതീകരിച്ച പരിസ്ഥിതിസൗഹൃദ സ്‌റ്റേഡിയങ്ങളായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ ഒരിക്കലും ഒരു പ്രതികൂല ഘടകമായി കണക്കിലെടുക്കേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഇത്തരം ശീതീകരണ സംവിധാനം നടപ്പാക്കിയ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഫിഫ പ്രതിനിധികള്‍ ലീഗ് മാച്ച് വീക്ഷിച്ചിരുന്നു.

അടുത്തഘട്ടത്തില്‍ സൗരോര്‍ജം ഉപയോഗിച്ചുള്ള ശീതീകരണ സംവിധാനങ്ങളാണ് നടപ്പാക്കുന്നത്.
ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ ഗള്‍ഫ്, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യന്‍ മേഖലകളിലെ മുന്നൂറ് കോടിയിലധികം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സൗകര്യപ്രദമായ സമയത്ത് കളി കാണാമെന്നത് പ്രധാന സവിശേഷതയാണ്‌.


വിവിധ ഭൂഖണ്ഡങ്ങളിലുള്ള ഫുട്ബാള്‍ ആരാധകര്‍ക്ക് രാത്രി വൈകുന്നതുവരെ കാത്തിരിക്കാതെ കളി കാണാന്‍ കഴിയും. ഗള്‍ഫ്, യൂറോപ്യന്‍ , ഏഷ്യന്‍ , പശ്ചിമേഷ്യന്‍ മേഖലകളില്‍ നിന്നെല്ലാം കുറഞ്ഞ സമയം കൊണ്ട് വിമാനമാര്‍ഗം ദോഹയിലെത്താം അതുപോലെ സ്‌റ്റേഡിയങ്ങള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ടീമുകള്‍ക്കും യാത്രക്കായി അധിക സമയം ചെലവഴിക്കേണ്ടിവരില്ല.

രാത്രി ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തോടെയാണ് ഫിഫ സംഘത്തിന്റെ മൂന്നുദിവസത്തെ പര്യടനം സമാപിക്കുക. സംഘം നല്‍കുന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ രണ്ടിന് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് വേട്ടെടുപ്പിലൂടെ 2018ലെയും 2022ലെയും ലോകകപ്പ് വേദികള്‍ തീരുമാനിക്കും.

1 comment:

Unknown said...

2022ലെ ലോകകപ്പിന് വേദിയൊരുക്കുന്നതിന് ഖത്തര്‍ സമര്‍പ്പിച്ചിട്ടുള്ള ബിഡുമായി ബന്ധപ്പെട്ട് ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ചൊവ്വാഴ്ച തുടങ്ങിയ പരിശോധനകള്‍ ഇന്നത്തോടെ സമാപിക്കും.