Tuesday, November 30, 2010

2022ലെ ലോകകപ്പ് വിധിക്കായി ഒരു നാള്‍ മാത്രം കാത്തിരിപ്പ്

ദോഹ: ഖത്തറിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്വപ്‌നമായ 2022ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാനുള്ള ഖത്തറിന്റെ മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിന്റെ വഴിയില്‍ ശേഷിക്കുന്നത് പ്രഖ്യാപനത്തിന് ഇനി ഒരു നാള്‍ മാത്രം കാത്തിരിപ്പ് .

2018ലെയും 2022ലെയും ലോകകപ്പ് വേദികള്‍ ഫിഫ നാളെ പ്രഖ്യാപിക്കാനിരിക്കെ രാജ്യത്തെ സ്വദേശികളും വിദേശികളുമടങ്ങുന്ന ജനസമൂഹം പ്രതീക്ഷകളും പ്രാര്‍ഥനകളും നെഞ്ചിലേറ്റി സൂറിച്ചിലേക്ക് കാതോര്‍ക്കുകയാണ്. അമീറിന്റെ പത്‌നിയും ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സനുമായ ശൈഖ മൗസ ബിന്‍ത് നാസിര്‍ അല്‍മിസ്‌നദാണ് ഫിഫ യോഗത്തില്‍ ഖത്തര്‍ ബിഡ് അവതരിപ്പിക്കുക.

ചരിത്രമുഹൂര്‍ത്തത്തിന് നിറവും പ്രൗഢിയും ചാര്‍ത്താന്‍ ഖത്തര്‍ ബിഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലോകത്തിന്റെ ഫുട്ബാള്‍ മാമാങ്കം തങ്ങളിലൂടെ ഇതാദ്യമായി പശ്ചിമേഷ്യന്‍ മണ്ണിലേക്ക് കൊണ്ടുവരാനാകുമെന്നുതന്നെയാണ് അവസാന മണിക്കൂറുകളിലും ഖത്തറിന്റെ പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് മാസങ്ങളായി തുടരുന്ന പ്രചാരണത്തിലൂടെ ഖത്തറിന്റെ മൊത്തവും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും അഭ്യുദയകാംക്ഷികളായ മറ്റ് രാഷ്ട്രങ്ങളുടെയും കായിക സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണ ഖത്തര്‍ ബിഡിന് ലഭിച്ചിട്ടുണ്ട്.

2018 ലോകകപ്പിന്റെ വേദിക്കായി ബെല്‍ജിയം, നെതര്‍ലന്‍ന്റ്‌സ്, ഇംഗ്ലണ്ട്, റഷ്യ, പോര്‍ച്ചുഗല്‍ ‍, സ്‌പെയിന്‍ എന്നിവയാണ്‌ ഇതില്‍ പോര്‍ച്ചുഗല്‍ , സ്‌പെയിന്‍ എന്നീ രാജ്യങ്ങളും ബെല്‍ജിയം, നെതര്‍ലാന്റ്‌സ് എന്നിവയും സംയുക്തമായാണ് ബിഡ് സമര്‍പ്പിച്ചിട്ടുള്ളത്. 2022ലെ വേദിക്കായി ഖത്തറിന് പുറമെ ആസ്‌ത്രേലിയ, ജപ്പാന്‍ , ദക്ഷിണ കൊറിയ, അമേരിക്ക എന്നിവയുടെയും ബിഡുകളാണ് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണനയിലുള്ളത്. ഇന്തോനേഷ്യയും മെക്‌സിക്കോയും ബിഡുകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളപ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമായിരിക്കും ഖത്തര്‍ . പുതിയ ഒമ്പത് സ്‌റ്റേഡിയങ്ങളുടെ നിര്‍മാണത്തിനും നിലവിലുള്ള മൂന്ന് സ്‌റ്റേഡിയങ്ങളുടെ നവീകരണത്തിനുമായി 400 കോടി ഡോളറിന്റെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ലോകകപ്പ് നടക്കുന്ന ജൂണ്‍ , ജൂലൈ മാസങ്ങളിലെ ഉയര്‍ന്ന ചൂടാണ് ഖത്തര്‍ ഇക്കാര്യത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ‍, സ്‌റ്റേഡിയങ്ങളും ഗാലറികളും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശീതീകരിക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നതാണ് ഖത്തര്‍ ബിഡ് കമ്മിറ്റിയുടെ പ്രതീക്ഷ.

പ്രഖ്യാപനത്തോടനുബന്ധിച്ച് വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ട് മുതല്‍ സൂഖ് വാഖിഫിലും ആസ്‌പയര്‍ പാര്‍ക്കിലും വന്‍ ആഘോഷപരിപാടികളാണ് ബിഡ് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. ഫിഫയുടെ പ്രഖ്യാപനച്ചടങ്ങ് അല്‍ജസീറ ചാനല്‍ വൈകിട്ട് ആറ് മുതല്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

2 comments:

Unknown said...

ഖത്തറിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്വപ്‌നമായ 2022ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാനുള്ള ഖത്തറിന്റെ മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിന്റെ വഴിയില്‍ ശേഷിക്കുന്നത് പ്രഖ്യാപനത്തിന് ഇനി ഒരു നാള്‍ മാത്രം കാത്തിരിപ്പ് .

എന്‍.പി മുനീര്‍ said...

2018 ഇംഗ്ലണ്ടിനും 2022 ഖത്തറിനും കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്...ഓസ്ട്ര്വേലിയയും അമേരിക്കയും ഖത്തറിനു വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്..
അതിനൂ‍തന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റേഡിയം ശീതികരിക്കുമെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും കഠിനമായ ചൂടുള്ള ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഖത്തറില്‍
ഫുട്ബാള്‍ ലോകകപ്പ് നടത്തുന്നത് പ്രായോഗികമാണോ എന്നൊരു സംശയവും ഇല്ലാതില്ല...