Monday, November 18, 2013

തൊഴിലാളികളോടുള്ള സമീപനം വളരെ മോശം

ദോഹ: ഖത്തറിലെ നിര്‍മാണ മേഖലയിലെ തൊഴിലാളികളോടുള്ള സമീപനം വളരെ മോശമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ സര്‍‌വ്വേ ഫലം. 2022 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനുള്ള സ്‌റ്റേഡിയം നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളില്‍ നടത്തിയ സര്‍‌വ്വേയിലാണ്‌ ഈ വിവരമെന്ന് ആംനസ്റ്റി അധികൃതര്‍ പറയുന്നു.വിദേശ തൊഴിലാളികള്‍ക്കു ശമ്പളം പോലും ലഭിക്കുന്നില്ല. അപകടകരമായ സാഹചര്യത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. വൃത്തിഹീനമായ അന്തരീഷക്ഷത്തിലാണു പലരുടെയും താമസം.

210 തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂറോളം പലര്‍ക്കും ജോലി ചെയ്യേണ്ടതായി വരുന്നു. ആഴ്ചയില്‍ ഏഴു ദിവസവും ജോലിയുണ്ട്. ജോലിക്കു ഹാജരായില്ലെങ്കില്‍ പിഴ അടക്കമുള്ള ശിക്ഷാ നടപടികളും ഇവിടെ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്‌റ്റേഡിയം നിര്‍മാണത്തിനിടെ അപകടത്തില്‍പ്പെട്ട് നിരവധി തൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ പത്തു ശതമാനം പേര്‍ക്കെങ്കിലും വൈകല്യം സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

എന്നാല്‍ ഇതിനിടെ മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിലും പരിരക്ഷിക്കുന്നതിലും ഖത്തര്‍ തനതായ പ്രോത്സാഹനം നല്‍കിപ്പോരുന്നുണ്ടെന്ന് ശൈഖ ആലിയ അഹമദ് ബിന്‍ സൈഫ് അല്‍ താനി വ്യക്തമാക്കി. യു എന്‍ പൊതുസഭയില്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഖത്തറിനെ പ്രതിനിധീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മനുഷ്യാവകാശശബ്ദങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഖത്തറിന്റെ സമീപനങ്ങള്‍ ഗുണകരമായി ഭവിക്കാറുണ്ട്.കൗണ്‍സില്‍ അംഗത്വം നേടിയത് മുതല്‍ പ്രസ്തുത മേഖലയിലെ ഉത്തരവാദിത്വം കുറ്റമറ്റ രീതിയില്‍ നിര്‍വ്വഹിക്കാന്‍ രാജ്യത്തിനു സാധിക്കുന്നതു പോലെ ആയതിനു ആവശ്യമായ പിന്തുണയും സഹകരണവും കൌണ്‍സിലിനു നല്ല്കിപ്പോരുന്നുമുണ്ട്.ആ അര്‍ത്ഥത്തിലാണ് യു എന്‍ സൗത്ത് വെസ്റ്റ്ഏഷ്യ, അറബ് റീജിയണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രെയിനിങ് ആന്റ് ഡോക്യുമെന്റെഷന്‍ സെന്ററിന്റെ ആസ്ഥാനം ഖത്തര്‍ ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ നിര്‍മാണ മേഖലയിലെ തൊഴിലാളികളോടുള്ള സമീപനം വളരെ മോശമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ സര്‍‌വ്വേ ഫലം. 2022 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനുള്ള സ്‌റ്റേഡിയം നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളില്‍ നടത്തിയ സര്‍‌വ്വേയിലാണ്‌ ഈ വിവരമെന്ന് ആംനസ്റ്റി അധികൃതര്‍ പറയുന്നു.വിദേശ തൊഴിലാളികള്‍ക്കു ശമ്പളം പോലും ലഭിക്കുന്നില്ല. അപകടകരമായ സാഹചര്യത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. വൃത്തിഹീനമായ അന്തരീഷക്ഷത്തിലാണു പലരുടെയും താമസം.