Sunday, November 9, 2008

ഏഴാമത് ലോകമലയാളി സമ്മേളനം 2010 ജൂലായ് മാസം ദോഹയില്‍



ദോഹ: ഏഴാമത് ലോകമലയാളി സമ്മേളനം 2010 ജൂലായ് മാസം ദോഹയില്‍ നടത്താന്‍ തീരുമാനിച്ചതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു.

സിങ്കപ്പൂരില്‍ നടന്ന ലോകമലയാളി സമ്മേളനത്തിലുയര്‍ന്ന അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് അടുത്ത സമ്മേളനം ദോഹയില്‍ നടത്താന്‍ തീരുമാനിച്ചത്. 2004ല്‍ ബഹ്‌റൈനിലും 2006ല്‍ കൊച്ചിയിലുമാണ് ഈ സമ്മേളനങ്ങള്‍ നടന്നത്. വിദേശമലയാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ത്രിദിനസമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക നായകരും കലാരംഗങ്ങളിലെ പ്രഗല്ഭരും പങ്കെടുക്കും. ലോകത്തിലെ 40 രാജ്യങ്ങളില്‍ യൂണിറ്റുകളുള്ള സംഘടന ന്യൂ ജഴ്‌സിയിലാണ് രജിസ്റ്റര്‍ ചെയ്തത്. ആസ്ഥാനം കൊച്ചിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓഡിറ്റോറിയവും മറ്റു സൗകര്യങ്ങളുമുണ്ടാവും.

അഡ്വ. സി.കെ. മേനോന്‍ ചെയര്‍മാനായി ദോഹാ സമ്മേളന സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഡോ. മോഹന്‍ തോമസ്, സാം കുരുവിള, ആനി വര്‍ഗീസ് എന്നിവരാണ് വൈസ് ചെയര്‍പേഴ്‌സണ്‍സ്. മന്‍സൂര്‍ മൊയ്തീന്‍ ജനറല്‍ കണ്‍വീനറും ബിജു ജോണി സെക്രട്ടറിയുമായിരിക്കും. വി.ജെ. ജേക്കബാണ് ട്രഷറര്‍.

വര്‍ഗീസ് ചാക്കോ ചെയര്‍മാനായി ഖത്തര്‍ പ്രോവിന്‍സിന് രൂപം നല്‍കിയിട്ടുണ്ട്. പി.ഡി. മാത്യൂസ്, ആനി വര്‍ഗീസ് (വൈസ് ചെയര്‍പേഴ്‌സണ്‍സ്) ജെയിംസ്‌ജോണ്‍ (പ്രസി.), സാം കുരുവിള, വി.എ. ഗോപിനാഥന്‍, ടി.എ.ജെ. ഷൗക്കത്തലി (വൈ.പ്രസി.), ബിജുജോണ്‍ (ജന. സെക്ര.), അജയ് കുരുവേലിത്തറ (സെക്ര.), വി.ജെ. ജേക്കബ് (ട്രഷ.) കൂടാതെ 15 അംഗ എക്‌സിക്യൂട്ടീവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ സംഘടന ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നതായി സോമന്‍ ബേബി പറഞ്ഞു. ദോഹ, ഗോവ, ദുബായ് എന്നിവിടങ്ങളാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ പരിഗണിക്കപ്പെട്ടിരുന്നത്. വികസനത്തിലേക്കു കുതിക്കുന്ന ദോഹയാണ് തിരഞ്ഞെടുത്തത്- അദ്ദേഹം അറിയിച്ചു.

പത്രസമ്മേളനത്തില്‍ സംഘടനയുടെ സ്ഥാപകാംഗവും ഗ്ലോബല്‍ എത്തിക് കമ്മിറ്റി അംഗവുമായ എ.എസ്. ജോസ്, ഡോ. മോഹന്‍തോമസ്, മന്‍സൂര്‍ മൊയ്തീന്‍, ആനി വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

1 comment:

Unknown said...

ഏഴാമത് ലോകമലയാളി സമ്മേളനം 2010 ജൂലായ് മാസം ദോഹയില്‍ നടത്താന്‍ തീരുമാനിച്ചതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു.