Friday, January 30, 2009

ഖത്തര്‍-ബഹ്റൈന്‍ കോസ്‌വെ നിര്‍മ്മാണം അഞ്ചുമാസം വൈകും



ദോഹ:ഖത്തര്‍-ബഹ്റൈന്‍ കോസ്‌വെ നിര്‍മ്മാണം തുടങ്ങാന്‍ അഞ്ചുമാസമെങ്കിലും സമയമെടുത്തേക്കുമെന്നറിയുന്നു. ഈ മാസമാദ്യമാരംഭിക്കേണ്ട നിര്‍മ്മാണം രൂപകലപ്പനയില്‍ വന്നമാറ്റം കാരണമാണ് വൈകിയത്. എന്നാല്‍ നിര്‍ദ്ദിഷ്ട സമയത്തുതന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം ഫെബ്രുവരി ഒന്‍പതു മുതല്‍ 11 വരെ നടക്കുന്ന അറേബ്യന്‍ ലോക നിര്‍മ്മാണ ഉച്ചകോടിയില്‍ കോസ്‌വെ നിര്‍മ്മാണത്തിലെ കാലതാമസവും ചര്‍ച്ചചെയ്യുമെന്ന് സംഘാടകരായ 'മീഡ്' അറിയിച്ചു.

പാസഞ്ചര്‍, ചരക്കു റെയില്‍ ട്രാക്കില്‍ വന്ന മാറ്റമാണ് നിര്‍മ്മാണം വൈകാന്‍ കാരണമെന്ന് നിര്‍മ്മാണ കരാര്‍ നേടിയ ഖത്തരി ഡയര്‍ വിന്‍സി സി.ഇ.ഒ.ജെറാള്‍ഡ് മില്ലേ അറിയിച്ചു. നാല്‍പ്പതു കിലോമീറ്റര്‍ നീളം വരുന്ന കോസ്‌വെയുടെ വലതു ഭാഗത്തായി രണ്ടു റെയില്‍ ട്രാക്കുകള്‍ ഉണ്ടാകും. ഒന്ന് മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത്തിലുള്ള പാസഞ്ചര്‍ ട്രെയിനിനും രണ്ടാമത്തേത് 120 കിലോമീറ്റര്‍ വേഗത്തിലുള്ള ചരക്കു വണ്ടിക്കുമാകും.

റെയില്‍ ട്രാക്ക് ഉള്‍പ്പെടുത്തിയത് നാവിഗേഷന്‍ ചാനല്‍ പുനക്രമീകരിക്കാനും ഇടയാക്കിയെന്ന് മില്ലേ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് ഇതിനുള്ള നിര്‍ദ്ദേശം വന്നത്. രൂപകല്‍പ്പനയിലെ മാറ്റമാണ് കാലതാമസത്തിനു കാരണമാകുന്നതെന്ന് ഖത്തര്‍-ബഹ്റൈന്‍ കോസ്‌വെ ഫൌണ്ടേഷന്‍ ബോര്‍ഡ് അംഗം റയീദ് അല്‍ സലാഹ് പറഞ്ഞു. 2013ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ഖത്തര്‍-ബഹ്റൈന്‍ ഫ്രന്‍‌ഷിപ്പ് ബ്രിഡ്ജ് ലോകത്തിലെ ഏറ്റവും വലിയ കടല്‍ പാലമാകും.

ഖത്തറിലെ റാസ് ഉഷൈര്‍ര്‍ജ്ജില്‍ നിന്നു തുടങ്ങി അസ്കര്‍ ഗ്രാമത്തിലൂടെയാണ് കോസ്‌വെ ബഹ്റൈനില്‍ പ്രവേശിക്കുക. സൌഹൃദത്തിന്റെ പാലം എന്നര്‍ത്ഥം വരുന്ന 'അല്‍മഹാബെ' കോസ്‌വെ എന്നാണ് അറബിയില്‍ ഇതിനെ വിളിക്കുന്നത്. 300 കോടി ഡോളറാണ് നേരത്തെ കണ്ടിരുന്ന മതിപ്പ് ചെലവ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍-ബഹ്റൈന്‍ കോസ്‌വെ നിര്‍മ്മാണം തുടങ്ങാന്‍ അഞ്ചുമാസമെങ്കിലും സമയമെടുത്തേക്കുമെന്നറിയുന്നു. ഈ മാസമാദ്യമാരംഭിക്കേണ്ട നിര്‍മ്മാണം രൂപകലപ്പനയില്‍ വന്നമാറ്റം കാരണമാണ് വൈകിയത്. എന്നാല്‍ നിര്‍ദ്ദിഷ്ട സമയത്തുതന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം ഫെബ്രുവരി ഒന്‍പതു മുതല്‍ 11 വരെ നടക്കുന്ന അറേബ്യന്‍ ലോക നിര്‍മ്മാണ ഉച്ചകോടിയില്‍ കോസ്വേ നിര്‍മ്മാണത്തിലെ കാലതാമസവും ചര്‍ച്ചചെയ്യുമെന്ന് സംഘാടകരായ 'മീഡ്' അറിയിച്ചു.