Saturday, February 7, 2009

കേരളത്തിന്റെ മകളും മരുമകനും കേരളത്തില്‍



ദോഹ:ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കുന്ന കണ്ണൂര്‍ സ്വദേശിനി ദീപാഗോപാലന്‍ വാദ്വയും ഭര്‍ത്താവ് അനില്‍ വാദ്വയുമാണ് കൊച്ചി സന്ദര്‍ശിക്കാന്‍ എത്തിയത്.ഒമാനിലെ ഇന്ത്യന്‍ അംബാസഡറാണ് അനില്‍ വാദ്വ.

പുതിയതായി ചുമതലയേല്‍ക്കുന്ന അംബാസഡര്‍മാര്‍ക്ക് ഭാരതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്ന പദ്ധതിയാണ് 'ഭാരത് ദര്‍ശന്‍'. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് അവിടത്തെ സംസ്‌കാരവും രാഷ്ട്രീയ പശ്ചാത്തലവും പഠിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

യാത്രയുടെ ഭാഗമായി കൊച്ചി ലെമെറിഡിയന്‍ ഹോട്ടലില്‍ എത്തിയ ഇരുവരും ഇന്ത്യയും ഗള്‍ഫ് രാജ്യത്തെക്കുറിച്ചുള്ള ബന്ധത്തെക്കുറിച്ച് വാചാലരായി. ഒമാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഭാരതത്തില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകളുണ്ടെന്ന് ദീപ ഗോപാലന്‍ വാദ്വ പറയുന്നു. ആഗോളസാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുമ്പോഴും ഇത് സാധ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒമാനുമായി ജൂലായില്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് ഒപ്പുവെയ്ക്കുമെന്ന് അനില്‍ വാദ്വ പറഞ്ഞു. കൂടാതെ പ്രകൃതിവാതക രംഗത്ത് ഇന്ത്യയുമായി 15 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു കരാറും നിലവില്‍ വരാന്‍ പോകുന്നുണ്ട്. ഒമാനിലെ ഓയില്‍ കമ്പനികളുമായി ചേര്‍ന്നുള്ള ഈ സംയുക്തസംരംഭം വഴി പ്രകൃതിവാതകത്തില്‍ നിന്ന് വളം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ സന്ദര്‍ശനത്തിനുശേഷമാണ് ഇരുവരും കൊച്ചിയിലെത്തിയത്. ശനിയാഴ്ച മൂന്നാര്‍ സന്ദര്‍ശിച്ചശേഷം പാലക്കാട്ടെത്തും. അവിടെ ദീപയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം ദില്ലിക്ക് മടങ്ങും.

അംബാസഡറാകുന്നതിനു മുമ്പുള്ള പരിശീലന കാലത്താണ് ഇരുവരും പരിചയപ്പെട്ടതും വിവാഹിതരായതും. ഹോങ്‌കോങ്, ചൈന, സ്വിറ്റ്‌സര്‍ലന്റ്, ജനീവ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇരുവരും അംബാസഡര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതലും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും ഇരുവരും ഓര്‍ക്കുന്നു. 'അംബാസഡര്‍' ദമ്പതിമാരായ ഇവര്‍ക്ക് വിദേശത്ത് ജോലിയുള്ള രണ്ട് ആണ്‍മക്കളാണുള്ളത്. പ്രദ്യുമ്‌നും വിദ്യുതും.

2 comments:

Unknown said...

ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കുന്ന കണ്ണൂര്‍ സ്വദേശിനി ദീപാഗോപാലന്‍ വാദ്വയും ഭര്‍ത്താവ് അനില്‍ വാദ്വയുമാണ് കൊച്ചി സന്ദര്‍ശിക്കാന്‍ എത്തിയത്.ഒമാനിലെ ഇന്ത്യന്‍ അംബാസഡറാണ് അനില്‍ വാദ്വ.

chithrakaran ചിത്രകാരന്‍ said...

വാര്‍ത്തക്കു നന്ദി.