Wednesday, February 25, 2009

ഖത്തറില്‍ തൊഴിലാളികള്‍ സുരക്ഷിതര്‍:ഖാലിദ് ബിന്‍മുഹമ്മദ് അല്‍ അത്തിയ

ദോഹ:ആഗോള സാമ്പത്തികമാന്ദ്യം ഖത്തറിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ഖത്തറിലെ മലയാളികളടക്കമുള്ള തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഖത്തറിലെ അന്താരാഷ്ട്ര സഹകരണവകുപ്പ് സഹമന്ത്രി ഖാലിദ് ബിന്‍മുഹമ്മദ് അല്‍ അത്തിയ പറഞ്ഞു.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അല്പം സാവധാനത്തിലായെങ്കിലും മാന്ദ്യം സമ്പദ്ഘടനയെ പൊതുവെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നുണ്ട്. പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പറ്റിയ സമയമാണ് ഇത് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുമായി സഹകരണ മേഖലകള്‍ വിപുലപ്പെടുത്താനുള്ള ദൗത്യവുമായാണ് ഖത്തര്‍ മന്ത്രി എത്തിയത്. ഇന്ത്യയിലേക്ക് കൂടുതല്‍ വാതകവിതരണം, ഊര്‍ജരംഗത്തും രാസവസ്തുക്കളുടെ രംഗത്തും നിക്ഷേപം എന്നിവയാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. 300 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും ഖത്തറുമായി ഇപ്പോഴുള്ളത്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി റിയല്‍ എസ്റ്റേറ്റിലും സ്റ്റോക്കുകളിലുമായി 58 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയെന്നും മന്ത്രി വെളിപ്പെടുത്തി.

വീട്ടുജോലിക്കായി ഖത്തറിലെത്തുന്നവര്‍ക്ക് സമഗ്ര നിയമം ഉടന്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഖത്തര്‍ എയര്‍വെയ്‌സിന്റെ ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഖത്തര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഖത്തറില്‍നിന്ന് ഇന്ത്യ ഈടാക്കുന്ന എകൈ്‌സസ് തീരുവ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം ഉടനെ ഉണ്ടാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തികമാന്ദ്യം ഖത്തറിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ഖത്തറിലെ മലയാളികളടക്കമുള്ള തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഖത്തറിലെ അന്താരാഷ്ട്ര സഹകരണവകുപ്പ് സഹമന്ത്രി ഖാലിദ് ബിന്‍മുഹമ്മദ് അല്‍ അത്തിയ പറഞ്ഞു.