Tuesday, March 10, 2009

പ്രകൃതിവാതക കയറ്റുമതിയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്തെത്തും



ദോഹ:ഒരു ദശാബ്ദം പിന്നിടുന്നതോടെ ഖത്തര്‍ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യമായി മാറുമെന്ന് ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി പറഞ്ഞു.

ദോഹ ഷെറാട്ടണ്‍ ദഫ്‌ന ഹാളില്‍ ദോഹാ പ്രകൃതിവാതക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഖത്തര്‍ ഭരണാധികാരി. നേരത്തേ പ്രകൃതിവാതകത്തിന്റെ അനിവാര്യത അംഗീകരിക്കപ്പെട്ടിരുന്നില്ല. പിന്നീട് ഊര്‍ജരംഗത്ത് ശുദ്ധമായ ഊര്‍ജം എന്ന നിലയില്‍ പ്രകൃതിവാതകത്തെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തി.

ഊര്‍ജത്തിന് ലോകത്ത്, പ്രത്യേകിച്ച് ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും പശ്ചിമ യൂറോപ്പിലും ഏഷ്യയിലും പ്രിയം വര്‍ധിച്ചുവന്നതോടെയാണ് പല രാജ്യങ്ങളും പ്രകൃതിവാതക രംഗത്ത് നിക്ഷേപം നടത്തി വാതക കയറ്റുമതി പദ്ധതികള്‍ക്ക് രൂപം നല്കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തര്‍ പ്രകൃതിവാതകം ദ്രവീകരിച്ചെടുക്കുന്നതിനുള്ള വികസന പദ്ധതികളിലൂടെ ഈ രംഗത്ത് സുപ്രധാനമായ പങ്ക് വഹിച്ചു. അതോടെ ഖത്തര്‍ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ത്തന്നെ സ്ഥാനം പിടിച്ചു. 900 ട്രില്ല്യന്‍ ക്യൂബിക് ഫീറ്റ് പ്രകൃതിവതാക നിക്ഷേപം കൊണ്ട് സമ്പന്നമാണ് ഖത്തറെന്ന കൊച്ചുരാജ്യം. ഈ നിക്ഷേപം മറ്റു വികസനപദ്ധതികള്‍ക്ക് പ്രചോദനമായി മാറിയെന്ന് ഭരണാധികാരി പറഞ്ഞു.

ചടങ്ങില്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ വ്യവസായ വകുപ്പ് മന്ത്രിയുമായ അബ്ദുല്ലാബിന്‍ ഹമദ് അല്‍ അത്തിയ സ്വാഗതം പറഞ്ഞു. ഒപക് സെക്രട്ടറി ജനറല്‍ അബ്ദുല്ലാ സാലെം അല്‍ ബാദ്‌രി, എക്‌സോണ്‍ മോബിന്‍ ചെയര്‍മാനും സി.ഇ.ഒ.യുമായ റെക്‌സ് ടില്ലേര്‍സണ്‍ എന്നിവരും പ്രസംഗിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3000 ത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഊര്‍ജ വ്യവസായ രംഗങ്ങളിലെ മുപ്പതോളം വിദഗ്ധരാണ് മാര്‍ച്ച് 12 വരെ നീളുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.

1993ലാണ് ദോഹ പ്രകൃതിവാതക സമ്മേളനത്തിനും പ്രദര്‍ശനത്തിനും തുടക്കം കുറിച്ചത്. ദോഹാ എക്‌സിബിഷന്‍ സെന്ററില്‍ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഖത്തര്‍ എക്‌സ്‌പോ ഉപപ്രധാനമന്ത്രിയും ഊര്‍ജ വ്യവസായ വകുപ്പ് മന്ത്രിയുമായ അബ്ദുല്ലാബിന്‍ ഹമദ് അല്‍ അത്തിയ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഖത്തര്‍ പെട്രോളിയം വാതക കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരും വിദേശത്ത് നിന്നെത്തിയ പ്രമുഖ വ്യക്തികളും പങ്കെടുത്തു. 30 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു ദശാബ്ദം പിന്നിടുന്നതോടെ ഖത്തര്‍ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യമായി മാറുമെന്ന് ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി പറഞ്ഞു.

ദോഹ ഷെറാട്ടണ്‍ ദഫ്‌ന ഹാളില്‍ ദോഹാ പ്രകൃതിവാതക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഖത്തര്‍ ഭരണാധികാരി. നേരത്തേ പ്രകൃതിവാതകത്തിന്റെ അനിവാര്യത അംഗീകരിക്കപ്പെട്ടിരുന്നില്ല. പിന്നീട് ഊര്‍ജരംഗത്ത് ശുദ്ധമായ ഊര്‍ജം എന്ന നിലയില്‍ പ്രകൃതിവാതകത്തെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തി.

Anonymous said...

ഹും

ഹും‍

ഹും‍

ഹും

പാവപ്പെട്ടവൻ said...

ഇതുകൊണ്ടു നമുക്ക് വല്ല നേട്ടവും ഉണ്ടോ ?
അവര് പെരുത്ത കാശുകാരായാല്‍ അവര്‍ക്ക് കൊള്ളാം
മനോഹരമായിരിക്കുന്നു
ആശംസകള്‍