Wednesday, March 11, 2009

ഐ സി ബി എഫ്:അഫ്റോസ് ഖത്തര്‍ വിട്ടു

ദോഹ:ഹൃദ്രോഗത്തെ തുടര്‍ന്ന് ഏഴുമാസമായി ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ ഇന്ത്യക്കാരനായ അഫ്റോസ് അഹ്‌മദിനെ ഇന്നലെ മുംബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരും തുണയില്ലാതെ ഹമദില്‍ കഴിഞ്ഞ ഈ യുവാവിനെ ചികിത്സയ്ക്കായി പിറന്ന നാട്ടിലെ ആതുരാലയത്തിലെത്തിച്ചത് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവെലന്റ് ഫണ്ട് (ഐ സി ബി എഫ്) ന്റേയും ഒട്ടേറെ സുമനസ്സുകളുടേയും കഠിന ശ്രമമാണ്. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഇന്നലെ രാവിലെയാണ് ഇയാളെ മുംബൈയിലെത്തിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് അഫ്റോസ് 'ഫ്രീ വിസ'യില്‍ ദോഹയിലെത്തിയത്. ജോലിക്കായി ശ്രമിക്കവേ ഏഴാം ദിവസം ഹൃദ്രോഗബാധയെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ഇയാളെ ഹമദിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എല്ലാ ചികിത്സകളും നല്‍കിയെങ്കിലും യാതൊരു പുരോഗതിയും ഇല്ലാതെ തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് പിതാവ് ദോഹയിലെ ഇന്ത്യന്‍ എംബസിയോടും ഐ സി ബി എഫ് പ്രസിഡന്റ് ഡോ.മോഹന്‍ തോമസിനോടും അഭ്യര്‍ത്ഥിച്ചു. ഇതേ തുടര്‍ന്ന് ഹമദിലെ സാമൂഹിക പ്രവര്‍ത്തകന്‍ മണി രതിയുടെ നേതൃത്വത്തിലുള്ള ഐ സി ബി എഫ് ടീം ബന്ധപ്പെട്ടു.

ഇയാള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നല്‍കേണ്ടത് സി.ഐ.ഡി വിഭാഗമാണെന്നും രോഗിക്കും കൂടെ പോകാനുള്ള നഴ്സിനും ടിക്കറ്റ് ഹാജരാക്കിയാല്‍ ഇയാള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുമെന്നും അറിവായി.

ഇയാളെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് മുബൈയിലെ ആശുപത്രിയുടെ സമ്മത പത്രവും വേണമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഇക്കാര്യം അഫറോസിന്റെ പിതാവുമായി ബന്ധപ്പെട്ടു അറിയിച്ചതായി ഡോ.മോഹന്‍ തോമസ് പറഞ്ഞു.

അബോധാവസ്ഥയിലായ രോഗിയെ സ്ട്രെക്ച്ചറില്‍ കൊണ്ടു പോകേണ്ടതിനാല്‍ വിമാനത്തില്‍ ആറു സീറ്റിന്റെ ആവശ്യമുണ്ട്. ഇതിന് 22,070 റിയാല്‍ ചിലവു വരും. ഇത് അഫ്റോസിന്റെ കുടുംബത്തിന് ചിന്തിക്കാന്‍ കൂടി കഴിയാത്ത തുകയാണ്. ഐ സി ബി എഫ് ഇക്കാര്യത്തിനായി ഖത്തര്‍ എയര്‍വെയ്സ് സി.ഇ.ഒ അക്ബര്‍ ആല്‍ബാകറുമായി ബന്ധപ്പെട്ടു. രേഖാമൂലം നല്‍കിയ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ടിക്കറിന് 50 ശതമാനം കിഴിവ് അദ്ദേഹം നല്‍കി. കൂടാതെ അദ്ദേഹം വ്യക്തിപരമായി 10,000 റിയാലും സംഭാവന ചെയ്തതായി മേഹന്‍ തോമസ് പറഞ്ഞു. ഇക്കാര്യത്തിന് ദോഹയിലെ ഇന്ത്യന്‍ പ്രവാസികള്‍ കാര്യമായി സംഭാവന നല്‍കി.

അഫറോസിനെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ഹമദ് ഹോസ്പിറ്റല്‍, എമര്‍ജന്‍സി വിഭാഗം, സി ഇ ഐ ഡി വിഭാഗം, പോലീസ് വകുപ്പ്, ഖത്തര്‍ എയര്‍വേയ്സ്, വാര്‍ത്താ മാധ്യമങ്ങള്‍, സംഭാവനകള്‍ നല്‍കിയവര്‍ തുടങ്ങി എല്ലാവര്‍ക്കും ഐ സി ബി എഫ് പ്രസിഡന്റ് ഡോ.മോഹന്‍ തോമസ് കൃത്ജ്ഞത അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹൃദ്രോഗത്തെ തുടര്‍ന്ന് ഏഴുമാസമായി ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ ഇന്ത്യക്കാരനായ അഫ്റോസ് അഹ്മദിനെ ഇന്നലെ മുംബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.