Wednesday, March 11, 2009

ഊര്‍ജമേഖല സാമ്പത്തിക മാന്ദ്യം മറികടക്കും:ഖത്തര്‍ ഉപപ്രധാനമന്ത്രിയും അബ്ദുല്ല ബിന്‍ ഹമദ് അല്‍അതിയ്യ

ദോഹ:ആഗോള സാമ്പത്തിക പ്രതിസന്ധി എല്ലാ രംഗങ്ങളെയും എല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും ഊര്‍ജമേഖല ഇതിനെ തരണംചെയ്യുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ, വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍അതിയ്യ. ഏഴാമത് ദോഹ പ്രകൃതിവാതക സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി നേരിടാനുള്ള കഴിവും സാമര്‍ഥ്യവും ഈ മേഖലക്കുണ്ട്. കഴിഞ്ഞകാല പ്രതിസന്ധിഘട്ടങ്ങളെയൊക്കെ പ്രകൃതിവാതക വ്യവസായം വിജയകരമായി തരണംചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇപ്പോഴത്തെ സ്ഥിതിവിശേഷവും അവസാനം ഗുണകരമായി ഭവിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞവര്‍ഷം അവസാനപാദം ഊര്‍ജ മേഖലക്ക് കനത്ത വെല്ലുവിളിയായിരുന്നു.

എണ്ണവില കുത്തനെ കുറഞ്ഞതും ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയും സാമ്പമ്പത്തിക മാന്ദ്യവും ആശങ്കയുണര്‍ത്തുന്നതാണ്. ഈവര്‍ഷം കാത്തിരിക്കുന്നത് ഇതിനേക്കാള്‍ വലിയ വെല്ലുവിളികളാണെന്നാണ് ഇതുവരെയുള്ള സൂചനകള്‍. അടുത്തവര്‍ഷംവരെ ഈ സ്ഥിതി തുടര്‍ന്നേക്കാം.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതിവാതക വ്യവസായം നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും ഈരംഗത്തെ വിദഗ്ധര്‍ ഒത്തുകൂടിയിരിക്കുന്ന ദോഹ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് അതിയ്യ പറഞ്ഞു.

ലോകത്തിന്റെ മുക്കുമൂലകളില്‍ ഗ്യാസ് എത്തിച്ചുകൊണ്ടിരിക്കുന്ന ഖത്തര്‍, ഈ രംഗത്തെ അവഗണിക്കാനാകാത്ത ശക്തിയായി വളര്‍ന്നുകഴിഞ്ഞു. ആറ് കൂറ്റന്‍ ഗ്യാസ് ഉല്‍പാദന ട്രെയിനുകള്‍ ഖത്തര്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.

ഇവയോരോന്നും പ്രതിവര്‍ഷം 78 ലക്ഷം ടണ്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഖത്തര്‍ ഗ്യാസ് 2 പദ്ധതി ദിവസങ്ങള്‍ക്കകം രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തിക പ്രതിസന്ധി എല്ലാ രംഗങ്ങളെയും എല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും ഊര്‍ജമേഖല ഇതിനെ തരണംചെയ്യുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ, വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍അതിയ്യ. ഏഴാമത് ദോഹ പ്രകൃതിവാതക സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.