Tuesday, March 31, 2009

അറബ് ഉച്ചകോടിക്ക് ഇന്ന് തിരശ്ശീല വീഴും

ദോഹ:ഇരുപത്തി ഒന്നാമത് അറബ് ഉച്ചകോടിക്ക് ദോഹയില്‍ ഉജ്വല തുടക്കം. വിവിധ അറബ് രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ് വാറണ്ട് അവഗണിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്ന സുഡാന്‍ പ്രസിഡണ്ട് ഉമറുല്‍ ബഷീന്റെ സാന്നിധ്യത്താലും സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഹുസ്നി മുബാറകിന്റെ അസാന്നിധ്യത്താലും ഏറെ ശ്രദ്ധിക്കപ്പെടുന്നു.

നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് വേദിയായ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കനത്ത സുരക്ഷാ നടപടികളോടെയാണ് സമ്മേളനം തുടങ്ങിയത്. ഷെറാട്ടണ്‍ ഹോട്ടലിലെ ദഫ്ന ഹാളില്‍ ഉച്ചകോടി അധ്യക്ഷനായ സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദിന്റെ പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങിയത്.

ഡമാസ്കസിലെ കഴിഞ്ഞ അറബ് ഉച്ചകോടിക്ക് ശേഷം അന്താരാഷാട്ര തലത്തിലും മേഖലാ അടിസ്ഥാനത്തിലും ചെറുതും വലുതുമായ നിരവധി സംഭവവികാസങ്ങള്‍ നടന്നെങ്കിലും ഈ വിഷയങ്ങളിലൊന്നും തൃപ്തികരമായ അന്താരാഷ്ട്ര ഇടപെടലുകളോ തീരുമാനങ്ങളോ ഉണ് ടായില്ലെന്ന് ബഷാറുല്‍ അസദ് പറഞ്ഞു. ഏതാനും ചില രാജ്യങ്ങളുടെ തെറ്റായ നയപരിപാടികളുടെ ഫലമായി സംജാതമായ സാമ്പത്തിക പ്രതിസന്ധിക്ക് അറബി രാജ്യങ്ങളടക്കം കനത്ത വിലനല്‍കേണ്ടി വരുന്നത് ദൌര്‍ഭാഗ്യകരമാണ്.

ഒന്നാകിട രാജ്യങ്ങളുടെ കുത്തകയും അസന്തുലിതമായ നയനടപടികളും നമുക്ക് യാതൊരു പ്രാതിനിധ്യമില്ലാത്ത സംഭവങ്ങളാണ്. ഒരു പക്ഷേ ലോക സാമ്പത്തിക ക്രമത്തില്‍ നിര്‍ണായകമായ കവാടങ്ങള്‍ അറബ് രാജ്യങ്ങള്‍ക്ക് തുറന്നുകൊടുക്കുവാന്‍ ഇത് കാരണമായേക്കും. അതുവ ഴി എല്ലാ ജനങ്ങള്‍ക്കും നീതി ലഭിക്കാനും കാരണമാകും, അദ്ദേഹം പറഞ്ഞു. ഇത് സാധ്യമാകണമെങ്കില്‍ വ്യക്തമായ ആസൂത്രണവും അചഞ്ചലമായ ഇച്ഛാ ശക്തിയുമാണ് വേണ്ടത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ ലോകത്ത് നടന്ന സംഭവങ്ങളോട് സമാനമായ സംഭവവികാസങ്ങളാണ് ആധുനിക ലോകത്ത് നടക്കുന്നത്. നമ്മുടെ മൌലികാവകാശങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടിയ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അറബ് ജനത ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സ്വന്തത്തെ ആദരിക്കുന്നവരെ മാത്രമേ ലോകം ആദരിക്കുകയുള്ളൂവെന്ന് നാം തിരിച്ചറിയണം.

ഗാസക്കെതിരെ ഇസ്രായീ ലിന്റെ കൊടും ക്രൂരതകള്‍ നാം കണ്ടതാണ്. ലോകസമാധാനത്തിന് ഭീഷണിയായ ഇസ്രായേലിനെ പിടിച്ചു കെട്ടാനോ നിലക്ക് നിര്‍ത്താനോ കഴിയാതിരിക്കുന്നത് ഏറെ ഗൌരവമേറിയ വിഷയമാണ്. സമാധാനത്തില്‍ വിശ്വസിക്കാത്ത ശത്രുവിന്റെ മുന്നില്‍ സമാധാനം വിലപ്പോവില്ലെന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്. ഇപ്പോള്‍ സുഡാനില്‍ നടക്കുന്ന കോലാഹലങ്ങള്‍ അറബ് ജനതയെ പീഡിപ്പിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമല്ല.

ഒരു അറബ് രാഷ്ട്ര തലവനെ കള്ളക്കേസുണ്ടാക്കി അറസ്റ് ചെയ്യാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നീക്കം ദുരൂപദിഷ്ടമാണ്. എല്ലാ അന്താരാഷ്ട്ര വേദികളേയും ആദരിക്കുന്നതോടൊപ്പം അറബ് ജനതയെ ക്ഷയിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളേയും ഒറ്റക്കെട്ടായി നേരിടാനും നാം ചങ്കൂറ്റം കാണിക്കണം.

അന്താരാഷ്ട്ര കോടതിയുടെ വാറണ്ടിനെ വിമര്‍ശിക്കുകയല്ല മറിച്ച് അത് തിരസ്ക്കരിക്കുവാനും സുഡാനോടൊപ്പം ഉറച്ച് നില്‍ക്കണമെന്നാവശ്യപ്പെടാനുമാണ് നാം തന്‍‌റ്റേടം കാണിക്കേണ്ടതെന്ന് അറബ് ഉച്ചകോടിയുടെ അധ്യക്ഷന്‍ കൂടിയായ അസദ് പറഞ്ഞു.

അറബ് ഉച്ചകോടിയുടെ അധ്യക്ഷ പദവി അതിന് ഏറ്റവും അര്‍ഹനായ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയെ ഏല്‍പ്പിച്ചാണ് അസദ് പ്രസംഗം അവസാനിപ്പിച്ചത്.

ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അമൃ മൂസ, ഐക്യ രാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, ആഫ്രിക്കന്‍ യൂണിയന്‍ അധ്യക്ഷന്‍ ജീന്‍ പിംഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറല്‍ ഇക് മലുദ്ധീന്‍ ഇഹ്സനോഗ് ലു, അറബ് പാര്‍ലമെന്റ് സ്പീക്കര്‍ ജാസിം അല്‍ സഖൃ തുടങ്ങിയവര്‍ സംസാരിച്ചു.അറബ് ഉച്ചകോടിക്ക് ഇന്ന് തിരശ്ശീല വീഴും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇരുപത്തി ഒന്നാമത് അറബ് ഉച്ചകോടിക്ക് ദോഹയില്‍ ഉജ്വല തുടക്കം. വിവിധ അറബ് രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ് വാറണ്ട് അവഗണിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്ന സുഡാന്‍ പ്രസിഡണ്ട് ഉമറുല്‍ ബഷീന്റെ സാന്നിധ്യത്താലും സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഹുസ്നി മുബാറകിന്റെ അസാന്നിധ്യത്താലും ഏറെ ശ്രദ്ധിക്കപ്പെടുന്നു.