Monday, March 2, 2009

സാമ്പത്തികമാന്ദ്യം:പ്രവാസികള്‍ക്ക് ആശങ്ക വേണ്ട ഖത്തറിലെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍

ദോഹ:ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രവാസി ഇന്ത്യക്കാര്‍ അമിതമായ ആശങ്കിക്കേണ്ട കാര്യമില്ലെന്ന് ഖത്തറിലെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ അഭിപ്രായപ്പെട്ടു. ദീര്‍ഘകാല പ്രതിഭാസമല്ല ഇത്. ഇപ്പോഴത്തെ ചില സവിശേഷ സാഹചര്യങ്ങളില്‍നിന്നുണ്ടായ ഈ താല്‍ക്കാലിക പ്രതിസന്ധി പൊതു, സ്വകാര്യ മേഖലകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അതിജയിക്കാനാകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ചുമതലയേല്‍ക്കാന്‍ ഇന്നലെ ദോഹയിലെത്തിയ അവര്‍ തന്റെ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ഖത്തര്‍ ഭരണനേതൃത്വത്തെ കണ്ട് അധികാരപത്രം സ്വീകരിക്കുന്നതോടെയാണ് പുതിയ അംബാസഡര്‍ ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക. സാമ്പത്തിക മാന്ദ്യംമൂലം പ്രവാസികള്‍ കൂട്ടത്തോടെ തിരിച്ചുപോകേണ്ടിവരുന്ന സാഹചര്യമുണ്ടാവില്ല. സ്ഥിതിഗതികളെക്കുറിച്ച് ഗള്‍ഫിലെയും ഇന്ത്യയിലെയും ഭരണകൂടങ്ങള്‍ ബോധവാന്മാരാണ്. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ ബജറ്റില്‍ തുക നീക്കിവെച്ചത് സ്വാഗതാര്‍ഹമാണെന്ന് ദീപ വാധ്വ പറഞ്ഞു.

ഗള്‍ഫില്‍ ആദ്യമായാണ് ഇന്ത്യന്‍ അംബാസറായി ഒരു സ്ത്രീ വരുന്നത്. സ്ത്രീകള്‍ക്കുള്ള അംഗീകാരമായി താനിതിനെ കാണുന്നുവെന്ന് നിയുക്ത സ്ഥാനപതി പറഞ്ഞു. സ്ത്രീ ആയതിന്റെ പേരില്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ വിവേചനമൊന്നും നേരിടേണ്ടിവന്നിട്ടില്ല. പ്രവര്‍ത്തിച്ച മേഖലകളിലൊക്കെ ഗവണ്‍മെന്റിന്റെയും മറ്റ് അധികൃതരുടെയും ഭാഗത്തുനിന്ന് മികച്ച സഹകരണമാണ് ലഭിച്ചിട്ടുള്ളത്. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ഇവിടെയും സജീവമായി സേവനമര്‍പ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്.

താന്‍ ഇതുവരെ സേവനം ചെയ്ത സ്വീഡനില്‍ 25 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനപരിചയമില്ലാത്തത് പോരായ്മയായി തോന്നിയിട്ടില്ല. ഒമാന്‍ അംബാസഡറായ ഭര്‍ത്താവ് മുഖേന ഗള്‍ഫിനെയും ഇവിടത്തെ ഇന്ത്യക്കാരെയും അവരുടെ പ്രശ്നങ്ങളെയും കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെന്ന് അന്തര്‍ദേശീയ തൊഴില്‍ സംഘടന തുടങ്ങിയ രാജ്യാന്തര ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അനുഭവപരിജ്ഞാനമുള്ള ദീപ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തൊഴില്‍സ്ഥലങ്ങളിലെ പീഡനങ്ങള്‍മൂലം എംബസിയില്‍ അഭയംതേടുന്ന വീട്ടുജോലിക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്ക് താല്‍ക്കാലിക സംരക്ഷണം നല്‍കാനുള്ള ഷെല്‍ട്ടര്‍ ആരംഭിക്കുന്നതിന് മുഖ്യപരിഗണന നല്‍കും. റിക്രൂട്ട്മെന്റ് രംഗത്തെ ചൂഷണം തടയാന്‍ പ്രശ്നക്കാരായ കമ്പനികളെ കരിമ്പട്ടികയില്‍പെടുത്തുന്ന നടപടികള്‍ തുടരും. സാധാരണ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ പ്രവാസി ഇന്ത്യക്കാരുടെയും ക്ഷേമവും സന്തോഷവുമാണ് തന്റെ ലക്ഷ്യം. എംബസിയിലെത്തുന്ന എല്ലാവര്‍ക്കും മികച്ച പരിഗണനയും മാന്യമായ പെരുമാറ്റവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുമെന്ന് നിയുക്ത അംബാസഡര്‍ വ്യക്തമാക്കി.

ജന്മംകൊണ്ട് കണ്ണൂര്‍ ജില്ലക്കാരിയായ ദീപ, ഒമാന്‍ അംബാസഡര്‍ അനില്‍ വാധ്വയുടെ ഭാര്യയാണ്. മലയാളിയായ ഡോ. ജോര്‍ജ് ജോസഫിന്റെ പിന്‍ഗാമിയായാണ് ദീപ ദോഹയില്‍ ചുമതലയേല്‍ക്കുന്നത്. ഡോ. ജോര്‍ജ് ജോസഫ് ഇപ്പോള്‍ ബഹ്റൈനില്‍ അംബാസഡറാണ്.

ദീപ ഇതുവരെ സ്വീഡനില്‍ അംബാസഡറായിരുന്നു. 1979ല്‍ വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്ന ദീപ കുറച്ചു വര്‍ഷം ന്യൂദല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തിലും ജോലി ചെയ്തിട്ടുണ്ട്. ന്യൂദല്‍ഹിയിലായിരിക്കെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, വിദേശകാര്യ മന്ത്രാലയത്തിലെ യു.എന്‍ ഡയറക്ടര്‍ ജനറല്‍ തുടങ്ങിയ പദവികള്‍ വഹിച്ച ഇവര്‍, അന്തര്‍ദേശീയ തൊഴില്‍ സംഘടനയുടെ ഇന്ത്യയിലെ ചൈല്‍ഡ് ലേബര്‍ പ്രോഗ്രാം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കാലാവസ്ഥാ മാറ്റം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങള്‍, സുസ്ഥിര വികസനം, മനുഷ്യാവകാശം, രാസായുധങ്ങള്‍ സംബന്ധിച്ച കണ്‍വെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ക്ക് പ്രവര്‍ത്തനപരിചയമുണ്ട്. സ്വീഡന്‍, ലാറ്റ്വിയന്‍ അംബാസഡറായി 2005 ഫെബ്രുവരിയിലാണ് ചുമതലയേറ്റത്. രണ്ട് ആണ്‍മക്കളുണ്ട്.

പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താനുമായി അംബാസഡര്‍ ദമ്പതികള്‍ 15 ദിവസത്തെ ഭാരതദര്‍ശന്‍ യാത്ര നടത്തിയത് ഖത്തര്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രവാസി ഇന്ത്യക്കാര്‍ അമിതമായ ആശങ്കിക്കേണ്ട കാര്യമില്ലെന്ന് ഖത്തറിലെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ അഭിപ്രായപ്പെട്ടു. ദീര്‍ഘകാല പ്രതിഭാസമല്ല ഇത്. ഇപ്പോഴത്തെ ചില സവിശേഷ സാഹചര്യങ്ങളില്‍നിന്നുണ്ടായ ഈ താല്‍ക്കാലിക പ്രതിസന്ധി പൊതു, സ്വകാര്യ മേഖലകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അതിജയിക്കാനാകുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.