Wednesday, April 15, 2009

വോട്ടെടുപ്പ്:കടലിനക്കരെയിക്കരെ സന്ദേശപ്രവാഹം

ദോഹ:ആരവമടങ്ങിയ അങ്കത്തട്ടുകള്‍ അടിയൊഴുക്കില്‍ ആടുമോ എന്ന വേവലാതി പ്രവാസ ലോകത്തും പ്രകടം.

നാട്ടില്‍ വിധിയെഴുത്തിന്റെ ദിനം തൊട്ടരികിലെത്തിയതോടെ ഇടവേളകളില്ലാതെ കടലിനക്കരെയിക്കരെ സന്ദേശപ്രവാഹം.

എസ്എംഎസ്, ഇ മെയില്‍ സന്ദേശങ്ങളില്‍ അഭ്യര്‍ഥനകളും കണക്കുകൂട്ടലുകളും പ്രവചനങ്ങളുമെല്ലാം കുമിഞ്ഞുകൂടുന്നു. സജീവ രാഷ്ട്രീയമുള്ള പലരും നാട്ടിലെത്തിക്കഴിഞ്ഞു.

ഇലക്ഷന്‍ ചൂട് ചാനലില്‍ കണ്ട് ഇരിപ്പുറയ്ക്കാതെ രണ്ടോമൂന്നോ ദിവസത്തേക്കു നാട്ടിലേക്കു തിരിച്ചവരുമുണ്ട്. ഇവരില്‍ പലര്‍ക്കും വോട്ടവകാശമില്ലെന്നതാണ് യാഥാര്‍ഥ്യം.

നാട്ടിലെത്തിയാല്‍ പത്തു വോട്ടെങ്കിലും തങ്ങളുടെ സ്ഥാനാര്‍ഥിക്കു കൂടുതല്‍ പിടിച്ചുകൊടുക്കാമെന്ന ആവേശത്തിലാണ് ഇവര്‍. വോട്ട് വേട്ടയില്‍ അടവുകളുടെ പ്രഭവകേന്ദ്രം കൂടിയാണ് പ്രവാസലോകം.

ഒളിയുദ്ധം നടത്തുന്ന വിമതപ്പടയെ തളയ്ക്കാന്‍ അതത് മണ്ഡലങ്ങളില്‍ സ്വാധീനിക്കേണ്ടവര്‍, അതിനുള്ള ഉപായങ്ങള്‍ തുടങ്ങിയ ചാണക്യതന്ത്രങ്ങള്‍ ഗള്‍ഫില്‍ നിന്നു പ്രവഹിക്കുന്നു.

കേരളത്തില്‍ വിമാനമിറങ്ങി റോമിങ്ങുള്ള മൊബൈല്‍ ഓണ്‍ ചെയ്താല്‍ ഉടന്‍ സന്ദേശങ്ങളുടെ പ്രകടനം എത്തുകയായി.

കേരളത്തിലേക്കു സ്വാഗതം എന്ന സന്ദേശത്തിനു പിന്നാലെ വോട്ട് അഭ്യര്‍ഥനകളുടെ പ്രവാഹം. വരവറിഞ്ഞ് വലവീശാനുള്ള മുന്നണികളുടെ ഹൈടെക് തന്ത്രം.

സകല മുന്നണികള്‍ക്കും വേണ്ടിയുള്ള സന്ദേശങ്ങള്‍ ഇങ്ങനെയെത്തുന്നു. മൊബൈല്‍ ഫോണ്‍ വോട്ടുതേടാനുള്ള ഏറ്റവും എളുപ്പമുള്ള ഉപാധിയായിക്കഴിഞ്ഞു. പ്രവാസികള്‍ക്ക് ഒട്ടേറെ പദ്ധതികള്‍ വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങളും കുറവല്ല.

വിദേശത്തുള്ളവരുടെ ലിസ്റ്റെടുത്ത് സന്ദേശം അയയ്ക്കുന്നു. വോട്ടില്ലാത്ത ഗള്‍ഫുകാര്‍ക്ക് സന്ദേശം അയച്ചിട്ട് കാര്യമില്ലെങ്കിലും വീട്ടുകാരെക്കൊണ്ട് വോട്ട് ചെയ്യിക്കാമെന്ന പ്രതീക്ഷയാണ് ഇതിനു പിന്നില്‍.

സജീവരാഷ്ട്രീയമില്ലാത്തവരെ സ്വാധീനിക്കാന്‍ കഴിയുന്ന സംഘടനകളും വ്യക്തികളും ഗള്‍ഫിലുണ്ട്. നിഷ്പക്ഷ പ്രതിച്ഛായയോടെ ഇവര്‍ ചെന്നാല്‍ ചിലരുടെയെങ്കിലും വോട്ടുമറിക്കാമെന്ന് മുന്നണികള്‍ കണക്കുകൂട്ടുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആരവമടങ്ങിയ അങ്കത്തട്ടുകള്‍ അടിയൊഴുക്കില്‍ ആടുമോ എന്ന വേവലാതി പ്രവാസ ലോകത്തും പ്രകടം.

നാട്ടില്‍ വിധിയെഴുത്തിന്റെ ദിനം തൊട്ടരികിലെത്തിയതോടെ ഇടവേളകളില്ലാതെ കടലിനക്കരെയിക്കരെ സന്ദേശപ്രവാഹം.