Wednesday, June 16, 2010

ഖത്തറില്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു

ദോഹ: ഖത്തറില്‍ ഇന്നലെ മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു.ഈ നിയമം രണ്ട് മാസത്തേക്കാണ് കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും കഴിഞ്ഞ ദിവസം 50 ഡിഗ്രിയോടടുത്തുവരെ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ ആരംഭിച്ച ഉച്ച വിശ്രമ നിയമം തൊഴിലാളികളുടെ പൂര്‍ണ സുരക്ഷിതത്വത്തിനു മുന്‍ഗണന നല്‍കാന്‍ മാത്രമുദ്ദേശിച്ചാണെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു.

തൊഴിലാളികള്‍ക്കു നിര്‍മാണ സൈറ്റുകളില്‍ ഉച്ച വിശ്രമത്തിനുള്ള സൌകര്യങ്ങളും തൊഴില്‍ ഉടമ ക്രമീകരിക്കണം.
തൊഴില്‍ സ്ഥലത്ത് സൂര്യതാപമേല്‍ക്കാതെ വിശ്രമിക്കാന്‍ തണലുള്ള വിശ്രമസൌകര്യവും ദാഹജലവും നല്‍കണം. സൂര്യാഘാതം സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം പ്രഥമശുശ്രൂഷ സൌകര്യവും ഒരുക്കണമെന്ന് അനുശാസിക്കുന്നു.

തണുത്ത വെള്ളം, ചെറു നാരങ്ങ, ഉപ്പ് എന്നിവ വിശ്രമ വേളയില്‍ തൊഴിലാളികള്‍ക്കു തൊഴില്‍ സ്ഥാപനങ്ങളാണ് നല്‍കേണ്ടത്. ജോലിക്കിടയില്‍ കാറ്റുകൊള്ളാനും വിശ്രമിക്കാനും കൃത്രിമ ശീതീകരണ സംവിധാനം ലഭ്യമാക്കണം. ജോലിക്കാരായ ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനവും നിര്‍മാണത്തൊഴിലാളികളാണ്. കുറഞ്ഞ വേതനത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നവരുമാണ് ഇക്കൂട്ടര്‍ .

മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്നവര്‍ക്കു വന്‍പിഴ ചുമത്തുമെന്നു തൊഴില്‍ മന്ത്രാലയാധികൃതര്‍ വ്യക്തമാക്കുന്നു. നിയമ ലംഘനം കണ്ടെത്താന്‍ പ്രത്യേഗ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.സൈറ്റുകളില്‍ ഇന്നു മുതല്‍ പരിശോധനാ സംഘം മിന്നല്‍ പരിശോധന നടത്തും. തൊഴില്‍ മന്ത്രാലയത്തിന്റെ മധ്യാഹ്ന വിശ്രമ നിയമം തൊഴിലാളികളുടെ ജീവനും സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണെന്നും സര്‍ക്കാര്‍ അനുവദിച്ച ഉച്ചവിശ്രമം തൊഴിലാളികള്‍ക്കു ഉറപ്പാക്കാന്‍ ഓരോ തൊഴില്‍ ഉടമയും സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

1 comment:

Unknown said...

ഖത്തറില്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു