Monday, September 13, 2010

2022 ലെ ലോകകപ്പ് ബിഡ്: ഫിഫ സംഘം നാളെ ഖത്തറില്‍ എത്തും



ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാളിന് വേദിയായി തെരഞ്ഞെടുക്കപ്പെടാനുള്ള ഖത്തറിന്റെ ബിഡുമായി ബന്ധപ്പെട്ട് 'ഫിഫ'യുടെ ഉന്നതതല സംഘം നാളെ ഖത്തറില്‍ എത്തും. നാളെ മുതല്‍ മൂന്ന് ദിവസം ദോഹയില്‍ പരിശോധന നടത്തുന്നത്.

ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് 'ഫിഫ'യെ പ്രതിനിധികീരിച്ച് നാളെ രാവിലെ ഖത്തറിലെത്തുന്നത്.ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബാളിനെ തങ്ങളിലൂടെ ഇതാദ്യമായി പശ്ചിമേഷ്യയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. ലോകകപ്പിന് ആതിഥ്യമരുളാനുള്ള രാജ്യത്തിന്റെ യോഗ്യതയും സൗകര്യങ്ങളും 'ഫിഫ' സംഘത്തെ തൃപ്തികരമായി ബോധ്യപ്പെടുത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഖത്തര്‍ ബിഡ് കമ്മിറ്റി.

2018ലെയും 2022ലെയും ലോകകപ്പ് വേദികള്‍ ഡിസംബര്‍ രണ്ടിനാണ് ഫിഫയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായാണ് ബിഡ് സമര്‍പ്പിച്ചിട്ടുള്ള രാജ്യങ്ങളില്‍ സംഘം പരിശോധന നടത്തുന്നത്.
ഖത്തറിന്റെ ബിഡ് വളരെ ശക്തമാണെന്നും ഇക്കാര്യത്തില്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ഖത്തറിനെ ലോകം കരുത്തുറ്റൊരു മല്‍സരാര്‍ഥിയായാണ് ഇപ്പോള്‍ കാണുന്നതെന്നും ഖത്തര്‍ ബിഡ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹസന്‍ അല്‍ തവാദി പറയുന്നു.

മല്‍സരത്തിനും പരിശീലനത്തിനും താമസത്തിനുമൊക്കെയായി രാജ്യം ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഈ അവകാശവാദത്തിന്റെ ബലം. താമസസ്ഥലം മാറാതെയും അധികം യാത്ര ചെയ്യാതെയും ഒരാള്‍ക്ക് ഒരു ദിവസം ഒന്നിലധികം കളി കാണാമെന്നത് ദോഹയുടെ ഒരു സൗകര്യമായി കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ടീമുകള്‍ക്ക് യാത്രക്കായി അധികം സമയം ചെലവഴിക്കേണ്ടി വരില്ല. വേനല്‍ക്കാലത്ത് നടക്കുന്ന മല്‍സരങ്ങള്‍ മുന്നില്‍ കണ്ട് സ്‌റ്റേഡിയങ്ങള്‍ക്കായി പ്രത്യേക ശീതീകരണ സംവിധാനം ഖത്തര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അല്‍ സദ്ദ് സ്‌റ്റേഡിത്തില്‍ ഒരു വര്‍ഷമായി വിജയകരമായി ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഗാലറികളിലും പരിശീലനസ്ഥലങ്ങളിലുമെല്ലാം ഇതുവഴി ചൂട് ക്രമീകരിക്കാനാകും.ലോകകപ്പ് ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനരംഗത്ത് ഒട്ടേറെ പദ്ധതികള്‍ ഖത്തര്‍ നടപ്പാക്കുന്നുണ്ട്. 1400 കോടി ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര വിമാനത്താവളം 2012ഓടെ പൂര്‍ത്തിയാകും. അടുത്ത പത്ത് വര്‍ഷത്തിനകം 80,000ലധികം ഹോട്ടല്‍ മുറികള്‍ കൂടി രാജ്യത്ത് സജ്ജമാകും.

3 comments:

Unknown said...

2022ലെ ലോകകപ്പ് ഫുട്ബാളിന് വേദിയായി തെരഞ്ഞെടുക്കപ്പെടാനുള്ള ഖത്തറിന്റെ ബിഡുമായി ബന്ധപ്പെട്ട് 'ഫിഫ'യുടെ ഉന്നതതല സംഘം നാളെ ഖത്തറില്‍ എത്തും. നാളെ മുതല്‍ മൂന്ന് ദിവസം ദോഹയില്‍ പരിശോധന നടത്തുന്നത്.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

shaji.k said...

അശംസകള്‍