Thursday, December 5, 2013

എയിഡ്‌സ് ബോധവല്‍ക്കരണം ശ്രദ്ധേയമായി

മീഡിയാ പ്ലസ് , നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ലോക എയിഡ്‌സ് ദിനാചരണ പരിപാടി നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. സയ്യിദ് അബ്ദുല്‍ സാമി ഉദ്ഘാടനം ചെയ്യുന്നു.

ദോഹ : ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ്സ്, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച എയിഡ്‌സ് ബോധവല്‍ക്കരണ പരിപാടി ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. എയിഡ്‌സ് ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ചുവന്ന റിബണുമണിഞ്ഞ് ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയ സന്നദ്ധ പ്രവര്‍ത്തകരും സാമൂഹ്യ സേവകരും വിദ്യാഭ്യാസം, ചികില്‍സ, പരിചരണം തുടങ്ങിയ ബഹുമുഖ പരിപാടികളോടെ എയിഡ്‌സ് വ്യാപനം തടയണമെന്ന് അഭിപ്രായപ്പെട്ടു.

പരിഷ്‌കൃത സമൂഹത്തെ തുറിച്ചുനോക്കുന്ന എയിഡ്‌സ് എന്ന മഹാമാരിയെ പ്രതിരോധിക്കാനും. എയിഡ്‌സ് സൃഷ്ടിക്കുന്ന ഭീഷണമായ അവസഥകളെക്കുറിച്ച് യുവതലമുറയെ ശാസ്ത്രീയമായി ബോധവല്‍ക്കരിക്കുന്നതിനും സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ഹാളിലെ നിറഞ്ഞ സദസ്സ് സാക്ഷ്യപ്പെടുത്തി.

നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. സയ്യിദ് അബ്ദുല്‍ സാമി പരിപാടി ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്ത് അതി സങ്കീര്‍ണമായ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയാണ് എയിഡ്‌സ് സൃഷ്ടിക്കുന്നതെന്നും ഇതിന്റെ വ്യാപനം തടയുവാനും പ്രതിസന്ധികള്‍ ലഘൂകരിക്കുവാനും കൂട്ടായ പരിശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെമ്പാടും 35 ദശലക്ഷത്തിലധികം എയിഡ്‌സ് രോഗികളുണ്ട്. ഇവരുടെ ചികില്‍സ, പരിചരണം, സമൂഹത്തില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടല്‍ മുതലായവയൊക്കെ ഗൗരവമേറിയ വിഷയങ്ങളാണ്. പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയാത്ത എയിഡ്‌സ് വരാതെ നോക്കുകയാണ് ഏറ്റവും അഭികാമ്യമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹം ലൈംഗിക വല്‍ക്കരിക്കപ്പെടുകയും രതിവൈകൃതങ്ങളാല്‍ മലീമസമായ സമൂഹ ചുറ്റുപാട് സംജാതമാവുകയും ചെയ്തതാണ് ആധുനികലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി പറഞ്ഞു. മനുഷ്യ സമൂഹത്തില്‍ ന•യുടെ നാമ്പുകള്‍ വറ്റി വരളുകയും എല്ലാ അധാര്‍മികതകളും കൊടികുത്തി വാഴുകയും ചെയ്യുന്നതിന്റെ ദുരന്ത ഫലങ്ങളാണ് എയിഡ്‌സും അനുബന്ധ രോഗങ്ങളും. ഉ•ാദ ലൈംഗികതയും നവലൈംഗികതയുമൊക്കെ മനുഷ്യനെ പഠിപ്പിച്ച അഭിനവ മുതലാളിത്ത സംസ്‌കാരം മനുഷ്യനെ കേവലം ഉപഭോഗിയും മൃഗതുല്യനുമാക്കി മാറ്റുന്നുവെന്നാണ് സ്ഥിതിഗതികള്‍ വിരല്‍ ചൂണ്ടുന്നത്. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബമെന്ന സ്ഥാപനത്തെ പോലും കച്ചവടവല്‍ക്കരിച്ച് ബന്ധങ്ങളെ ഇല്ലാതാക്കി എല്ലാം ആസ്വദിക്കുന്നതിന്റെ ദുരന്തങ്ങള്‍ ഭീകരമായിരിക്കുമെന്നാണ് കാലഘട്ടം മുന്നറിയിപ്പ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രശസ്ത മാന്ത്രികന്‍ ആര്‍.കെ. മലയത്ത് അവതരിപ്പിച്ച എയിഡ്‌സ് ബോധവല്‍ക്കരണ മായാജാലം പരിപാടിക്ക് കൊഴുപ്പേകി. എയിഡ്‌സ് വരുന്ന വഴിയും വന്നാലുണ്ടാകുന്ന പ്രയാസങ്ങളും വരച്ചുകാട്ടിയ അദ്ദേഹം എയിഡ്‌സ് വിരുദ്ധ പ്രവര്‍ത്തനത്തിന് സദസ്സിനെ മൊത്തം സജ്ജമാക്കിയാണ് പരിപാടി അവസാനിപ്പിച്ചത്.

ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ചോമയില്‍ , സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജി, സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍ , അബ്ദുറഹിമാന്‍ പുറക്കാട് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.

മീഡിയാ പ്ലസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ആരിഫ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്മാരായ ഇഖ്ബാല്‍ നീര്‍ച്ചാല്‍ അബ്ദുല്ല, ശെഫിന്‍ , അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ , സഞ്ജയ് ചപോല്‍ക്കര്‍ , ശറഫുദ്ധീന്‍ തങ്കയത്തില്‍ , അഫ്‌സല്‍ കിളയില്‍ , സൈദ് അലവി അണ്ടേക്കാട്ട്, റഷാദ് മുബാറക്, യൂനുസ് സലീം, സിയാഹുറഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ്സ്, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച എയിഡ്‌സ് ബോധവല്‍ക്കരണ പരിപാടി ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.