Saturday, February 7, 2009

ഗള്‍ഫുകാരുടെ മോഹങ്ങളും സ്വപ്നങ്ങളും ‍പൊലിയുന്നു

ദോഹ:ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയെയും പിടികൂടി. മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുന്നു.നിര്‍മാണമേഖല, ബാങ്കിംഗ്, റിയല്‍എസ്റേറ്റ് എന്നി മേഖലകളില്‍ ജോലിചെയ്യുന്നവരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ആഗോള ബാങ്കിംഗ് മേഖലയിലുണ്ടായ തകര്‍ച്ചയുടെ ചുവടുപിടിച്ച് ദുബായിലുള്ള ബാങ്കിംഗ്, റിയല്‍എസ്റേറ്റ്, നിര്‍മാണ മേഖലകളും കടുത്ത പ്രതിസന്ധിയില്‍ കുഴങ്ങുകയാണ്.

ഗള്‍ഫ് മേഖലകളില്‍ ‍നിര്‍മാണത്തിലിരിക്കുന്നതും തുടങ്ങാനിരുന്നതുമായ മിക്കവാറും എല്ലാ നിര്‍മാണ പദ്ധതികളും താത്കാലികമായി ബന്ധപ്പെട്ടവര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ദുബായിലെ ഒരു പ്രധാന പദ്ധതിയായിരുന്ന ജബല്‍അലിയിലെ 'അല്‍മഖ്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതാണ് ഇതില്‍എടുത്തു പറയേണ്ട ഒരു പദ്ധതി. ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഓപ്പറേറ്റിംഗ് ലൈസന്‍സ് ലഭിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് പദ്ധതി നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.മിക്ക കമ്പനികളും നിലവില്‍ നിര്‍മാണ പദ്ധതികള്‍ ഒന്നുമില്ലാതെ ജീവനക്കാരെ മറ്റ് പദ്ധതികളിലേക്ക് സ്ഥലംമാറ്റുകയോ പിരിച്ചുവിടുകയോയാണ്.

ചില കമ്പനികള്‍ജീവനക്കാരെ പല ബാച്ചുകളായി നിര്‍ബന്ധിതമായി നീണ്ട അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് ചില കമ്പനികള്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്നതായും ആക്ഷേപമുണ്ട്. അധിക വേതനം നല്‍കാതെ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നതായും ആനുകൂല്യങ്ങള്‍ ‍നേടാന്‍ കഴിയാത്തവിധം ടാര്‍ജറ്റ് നിശ്ചയിച്ചതായും പരാതികളുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന ഗള്‍ഫ് മേഖലയില്‍ ഫ്ളാറ്റുകളുടേയും വില്ലകളുടേയും വാടകയില്‍ കുറവുണ്ടായിട്ടുണ്ട്. റിയല്‍എസ്റേറ്റ്, ബാങ്കിംഗ് മേഖലകളില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ബാങ്കുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ എടുത്തവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. ലോണ്‍ വഴി കാര്‍ എടുത്തവര്‍ കാര്‍ ഉപേക്ഷിച്ചു പോകുന്നതായും വാര്‍ത്തകളുണ്ട്.

ഇന്ത്യയിലെ പ്രവാസികാര്യ വകുപ്പും കോസുലേറ്റും തങ്ങളുടെ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെട്ട് എന്തെങ്കിലും വഴി തുറന്നു തരുമെന്ന് പ്രതീക്ഷയില്‍ പ്രവാസികള്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്‌.

3 comments:

Unknown said...

ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫ് മേഖലയെയും പിടികൂടി. മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവുന്നു.നിര്‍മാണമേഖല, ബാങ്കിംഗ്, റിയല്‍എസ്റേറ്റ് എന്നി മേഖലകളില്‍ ജോലിചെയ്യുന്നവരെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ആഗോള ബാങ്കിംഗ് മേഖലയിലുണ്ടായ തകര്‍ച്ചയുടെ ചുവടുപിടിച്ച് ദുബായിലുള്ള ബാങ്കിംഗ്, റിയല്‍എസ്റേറ്റ്, നിര്‍മാണ മേഖലകളും കടുത്ത പ്രതിസന്ധിയില്‍ കുഴങ്ങുകയാണ്.

പകല്‍കിനാവന്‍ | daYdreaMer said...

ഇന്ത്യയിലെ പ്രവാസികാര്യ വകുപ്പും കോസുലേറ്റും തങ്ങളുടെ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെട്ട് എന്തെങ്കിലും വഴി തുറന്നു തരുമെന്ന് പ്രതീക്ഷയില്‍ പ്രവാസികള്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്‌..

പ്രവാസികാര്യ വകുപ്പും കോസുലേറ്റും എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ അസ്ഥാനത്ത്...!!

മുക്കുവന്‍ said...

വല്ലതും അങോട്ട് കിട്ടാനാണേല്‍ പരവതാനി വരെ ഇട്ടേനേ... ഈ കൂലിക്കാരുടെ കണ്ണീര്‍ കാണാന്‍ ആരു വരും മാഷെ!