Sunday, March 1, 2009

മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന മാന്യമായി സംക്ഷിക്കുന്നു:ഡോ.മോഹന്‍ തോമസ്

ദോഹ:സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ കസ്റഡിയിലായ സഊദിയില്‍ നിന്നുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്നും അവരെ തീരസംരക്ഷണ സേന മാന്യമായി സംരക്ഷിക്കുന്നുണ്ടെന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ട് (ഐ സി ബി എഫ്) പ്രസിഡന്റ് ഡോ മോഹന്‍ തോമസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഡോ.മോഹന്‍ തോമസിന്റെ നേതൃത്വത്തില്‍ ഐസി ബി എഫിന്റേയും ഇന്ത്യന്‍ എംബസിയുടേയും പ്രതിനിധികള്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.

ശനിയാഴ്ചയാണ് ഖത്തര്‍ തീര സംരക്ഷണ സേന 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളിളേയും 9 ബോട്ടുകളേയും പിടികൂടിയത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലക്കാരാണ് അറസ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും. ഇവര്‍ ഇപ്പോള്‍ കടലില്‍ ബോട്ടുകളില്‍ കഴിയുകയാണ്. ഇവരെ സന്ദര്‍ശിക്കാന്‍ തീര സംരക്ഷണ സേന ഐ സി ബിഫ് സംഘത്തിന് പ്രത്യേക ബോട്ട് ഏര്‍പ്പെടുത്തിയിരുന്നു. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്നും ചില ചെറിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഭാവന ചെയ്ത മരുന്നുകള്‍ നല്‍കിയതായും ഐ സി ബി എഫ് പ്രസിഡന്റ് വര്‍ത്തമാനത്തെ അറിയിച്ചു. ഇന്നലെ ഇവര്‍ക്ക് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വെള്ളവും സംഘം നല്‍കി. 40 പേരില്‍ 12 പേരും 3 ബോട്ടുകളും ഉടമസ്ഥര്‍ പിഴയൊടുക്കിയതോടെ തിരിച്ചു പോയിട്ടുണ്ട്. ബാക്കിയുള്ളവരുടെ സ്പോണ്‍സര്‍മാരുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു വരികയാണ്.

കസ്റഡിയിലായവര്‍ക്ക് മൂന്നു നേരം ഭക്ഷണവും വെള്ളവും വൈദ്യസഹായവും ലഭ്യമാക്കുന്നതിലും അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നതിലും തീര സംരക്ഷണസേനയും ആഭ്യന്തരവകുപ്പു സഹമന്ത്രിയും കാണിക്കുന്ന താത്പര്യത്തില്‍ ഡോ. മോഹന്‍ തോമസ് കൃതജ്ഞത അറിയിച്ചു. ഈ തൊഴിലാളികള്‍ക്കായി വസ്ത്രങ്ങളും വെള്ളവും മറ്റും സംഭാവന ചെയ്ത ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, സഫാരി സൂപ്പര്‍മാര്‍ക്കറ്റ്, ബോംബെ സില്‍ക്ക് സെന്റര്‍, പാര്‍ത്ഥാസ് എന്നീ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

1 comment:

Unknown said...

സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ കസ്റഡിയിലായ സഊദിയില്‍ നിന്നുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്നും അവരെ തീരസംരക്ഷണ സേന മാന്യമായി സംരക്ഷിക്കുന്നുണ്ടെന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ട് (ഐ സി ബി എഫ്) പ്രസിഡന്റ് ഡോ മോഹന്‍ തോമസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഡോ.മോഹന്‍ തോമസിന്റെ നേതൃത്വത്തില്‍ ഐസി ബി എഫിന്റേയും ഇന്ത്യന്‍ എംബസിയുടേയും പ്രതിനിധികള്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.