Thursday, March 5, 2009

മത്സ്യത്തൊഴിലാളികളെ വിട്ടു

ദോഹ:സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ കസ്റഡിയിലായ സൌദിയില്‍ നിന്നുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 6 ബോട്ടുകള്‍ തിരിച്ചുപോയി.

മൊത്തം ഒമ്പതു ബോട്ടുകളാണ് ഉണ്ടായിരുന്നത്. അമ്പതിനായിരം റിയാല്‍ വീതമുള്ള പിഴയടച്ച ഇവര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമപരമായ സഹായത്താലാണ് ഇവരെ തിരിച്ചയച്ചത്. "ശനിയാഴ്ച ഇവരെ പിടികൂടിയതു മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫണ്ട് (ഐ സി ബി എഫ്) സഹായവുമായി രംഗത്തുണ്ട്.

ഏറെ ശ്രമകരമായ നീക്കത്തിന് ശേഷമാണ് ഇവരെ വിട്ടയക്കാമെന്ന് തീരുമാനമായത്. ഖത്തറിലെ ആഭ്യന്തര വകുപ്പ് അധികൃതരുള്‍പ്പെടെ വളരെയധികം സഹകരണ മനോഭാവമാണ് കാണിച്ചത്.'' എ സി ബി എഫ് പ്രസിഡന്റ് ഡോ മോഹന്‍ തോമസ് ദീപികയോട് പറഞ്ഞു. നേരത്തെ ഇവര്‍ക്ക് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വെള്ളവുമുള്‍പ്പെടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ട് നല്‍കിയിരുന്നു. ബോട്ടുകളില്‍ മൂന്നെണ്ണം ബാക്കിയുണ്ട്. രണ്ട് ബോട്ടുകള്‍ ഇന്ന് പോവുമെന്നാണ് പ്രതീക്ഷ. ഒരു ബോട്ടിന് ചില നിയമ പ്രശ്നങ്ങള്‍ ഉണ്ട്.

നേരത്തെ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇതേ ബോട്ടിനെതിരെ കേസ് നിലവിലുള്ളതിനാല്‍ ഒരു ലക്ഷം റിയാല്‍ പിഴ അടക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ന് ഖത്തറില്‍ നിന്ന് പുറപ്പെടാനുള്ള ബോട്ടിന്റെ ഡീസല്‍ തുക ഐ സി ബി എഫ് നല്‍കുമെന്നും ഐ സി ബി എഫ് പ്രസിഡന്റ് അറിയിച്ചു.

ഖത്തര്‍ തീര സംരക്ഷണ സേന 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും 9 ബോട്ടുകളേയും പിടികൂടിയത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലക്കാരാണ് അറസ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും. ഇവര്‍ ഇപ്പോള്‍ കടലില്‍ ബോട്ടുകളില്‍ കഴിയുകയാണ്. ഇവരെ സന്ദര്‍ശിക്കാന്‍ തീര സംരക്ഷണ സേന ഐ സി ബിഫ് സംഘത്തിന് പ്രത്യേക ബോട്ട് ഏര്‍പ്പെടുത്തിയിരുന്നു.

തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്നും ചില ചെറിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഭാവന ചെയ്ത മരുന്നുകള്‍ നല്‍കിയതായും ഐ സി ബി എഫ് പ്രസിഡന്റ് വിശദീകരിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ കസ്റഡിയിലായ സൌദിയില്‍ നിന്നുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 6 ബോട്ടുകള്‍ തിരിച്ചുപോയി.