Sunday, March 8, 2009

സുഡാന്‍ പ്രസിഡന്റിനെതിരായ നീക്കം അപലപനീയം:ഖറദാവി

ദോഹ:ദാര്‍ഫൂര്‍ പ്രശ്നത്തിന്റെ പേരില്‍ സുഡാന്‍ പ്രസിഡന്റ് ഉമര്‍ ഹസന്‍ ബശീറിനെതിരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത് പ്രതിഷേധാര്‍ഹവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് ഡോ. യൂസുഫുല്‍ ഖറദാവി വ്യക്തമാക്കി. ഉമര്‍ ബിന്‍ ഖത്താബ് മസ്ജിദില്‍ നടത്തിയ ജുമുഅ പ്രസംഗത്തില്‍, ഒരു പ്രത്യേക ജനവിഭാഗത്തിനെതിരെ നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര കോടതി ഉമര്‍ ബശീറിനുമുമ്പെ വിചാരണ ചെയ്യേണ്ടവര്‍ വേറെയുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് നിരപരാധികളെ ഗാസയില്‍ കൂട്ടക്കുരുതി നടത്തിയ സയണിസ്റ്റ് ഭരണത്തലവന്‍മാരെ വിചാരണ ചെയ്യാന്‍ തയാറുണ്ടോ? തെറ്റായി ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുദ്ധത്തിന്റെ കൊടുങ്കാറ്റ് വിതച്ച ജോര്‍ജ് ബുഷാണ് ആധുനിക യുഗത്തിലെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളി. ഖത്തര്‍ മുന്‍കൈയെടുത്ത് സുഡാന്‍ ഭരണകൂടവും അവിടത്തെ വിമതവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അനാവശ്യമായ ഈ നടപടിയുണ്ടായത്.

താന്‍ അധ്യക്ഷനായ അന്താരാഷ്ട്ര മുസ്ലിം പണ്ഡിതവേദിതന്നെ ഈ വിഷയത്തില്‍ ഇടപെടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സുഡാനികള്‍ക്കില്ലാത്ത ആവേശത്തോടെ ഈ വിഷയത്തില്‍ നടത്തുന്ന എടുത്തുചാട്ടത്തിന് പിന്നില്‍ ലോക സയണിസ്റ്, കുരിശുയുദ്ധ ലോബിയാണ്. ഖുര്‍ആന്റെ ഭൂമിയായി അറിയപ്പെടുന്ന ദാര്‍ഫൂര്‍ ഭക്തരായ ജനങ്ങളുടെ പാരമ്പര്യമുള്ള സ്ഥലമാണ്.

ഇസ്രായേല്‍ ടെലിവിഷന്‍ പ്രവാചകന്‍ തിരുമേനിയെയും യേശുവിനെയും അദ്ദേഹത്തിന്റെ മാതാവ് മര്‍യമിനെയും പരിഹസിച്ചുനടത്തിയ പരിപാടി അങ്ങേയറ്റം അപലപനീയമാണെന്ന് ഖറദാവി കൂട്ടിച്ചേര്‍ത്തു. മുസ്ലിംകള്‍ യേശുവില്‍ വിശ്വസിക്കുന്നവരാണ്. കന്യാമര്‍യത്തെ വാഴ്ത്തിയ വിശുദ്ധ ഖുര്‍ആനില്‍ അവരുടെ പേരില്‍ ഒരധ്യായംതന്നെയുണ്ട്. ഹീനമായ ഭാഷയാണ് ഇവരെ വിശേഷിപ്പിക്കാന്‍ ജൂത ടി.വി ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദാര്‍ഫൂര്‍ പ്രശ്നത്തിന്റെ പേരില്‍ സുഡാന്‍ പ്രസിഡന്റ് ഉമര്‍ ഹസന്‍ ബശീറിനെതിരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത് പ്രതിഷേധാര്‍ഹവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് ഡോ. യൂസുഫുല്‍ ഖറദാവി വ്യക്തമാക്കി. ഉമര്‍ ബിന്‍ ഖത്താബ് മസ്ജിദില്‍ നടത്തിയ ജുമുഅ പ്രസംഗത്തില്‍, ഒരു പ്രത്യേക ജനവിഭാഗത്തിനെതിരെ നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.