Wednesday, April 8, 2009

വില ഉയര്‍ത്തുന്നവര്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

ദോഹ:രാജ്യത്ത് ഉപഭോഗവസ്തുക്കളുടെ വില ഉയര്‍ത്തുന്നതിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്.

യാതൊരു കാരണവശാലും രാജ്യത്തെ വന്‍ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോകൃതസംരക്ഷണ വകുപ്പ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏതു കാരണത്തിന്റെ പേരിലായാലും സാധനങ്ങളുടെ വില ഉയര്‍ത്തുവാന്‍ വിതരണക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ അതിന് വഴങ്ങരുതെന്ന് ഈ മുന്നറിയിപ്പില്‍ പറയുന്നു.

ഇതു സംബന്ധിച്ച് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോകൃതസംരക്ഷണ വകുപ്പ് പ്രത്യേക യോഗം വിളിച്ചിരുന്നു. രാജ്യത്ത് 104 ഉപഭോഗവസ്തുക്കളുടെ വില സ്ഥിരത ഉറപ്പു വരുത്താന്‍ സമ്മതിച്ച 10 വന്‍ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തിലാണ് ഇക്കാര്യം അവരെ അറിയിച്ചത്.

വില ഉയര്‍ത്തുന്നതിനെതിരെ വിതരണക്കാര്‍ക്കും അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വില ഉയര്‍ത്തുന്നതിന് മുമ്പായി വിതരണക്കാര്‍ ഉപഭോകൃത സംരക്ഷണ വകുപ്പിന് വ്യക്തമായ കാരണം കാണിച്ച് അക്കാര്യം അറിയിക്കണം. ഇത് പരിശോധിച്ച് അനുവാദം ലഭിച്ചാല്‍ മാത്രമേ വില ഉയര്‍ത്താന്‍ അനുവദിക്കുകയുള്ളു.

വന്‍ഷോപ്പിംഗ് മാളുകളിലായും മറ്റു സൂപ്പര്‍മാര്‍ക്കറുകളിലായാലും രാജ്യത്ത് വില്‍ക്കുന്ന ഏതെങ്കിലും ഉപഭോഗവസ്തുക്കളുടെ വില ഉയര്‍ത്തിയതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ഉപഭോകൃതസംരക്ഷണ വകുപ്പിനെ അറിയിക്കാന്‍ പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപഭോകൃത സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യോഗത്തില്‍ അല്‍മിറ, കാര്‍ഫോര്‍, ജയന്റ് സ്റോര്‍, ലൂലു, ദസ്മാന്‍, മെഗാമാര്‍ട്ട്, അല്‍സഫീര്‍, സഫാരി, ദഹ്ല്‍, ഫാമിലി ഫുഡ് സെന്റര്‍ എന്നീ വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.

രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ വന്‍തോതില്‍ ശംബളവും അലവന്‍സുകളും ഉയര്‍ത്തിയ പുതിയ മാനവവിഭവ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലായതോടെ സാധനങ്ങളുടെ വില വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് കരുതപ്പെടുന്നത്.

കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശമ്പള വര്‍ധനമൂലം ലഭിക്കുന്ന അധിക വരുമാനം വിലക്കയറ്റം അപഹരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ അറബി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രാജ്യത്ത് ഉപഭോഗവസ്തുക്കളുടെ വില ഉയര്‍ത്തുന്നതിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്.

യാതൊരു കാരണവശാലും രാജ്യത്തെ വന്‍ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോകൃതസംരക്ഷണ വകുപ്പ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്