Friday, March 6, 2009

കടലിനിക്കരെയും തെരഞ്ഞെടുപ്പ് പ്രചാരണം

ദോഹ:വോട്ടവകാശമില്ലെങ്കിലും നാട്ടിലെ തെരഞ്ഞെടുപ്പ് ചൂട് മനസിലേറ്റി രാഷ്ട്രീയ പോഷക സംഘടനകള്‍ വോട്ട് പിടിത്തത്തിന് തന്ത്രങ്ങള്‍ മെനയാനും പരോക്ഷ പ്രചാരണം ആസൂത്രണം ചെയ്യാനും ഒരുക്കങ്ങള്‍ തുടങ്ങി.

കേരളത്തിലെ ഓരോ വീട്ടിലെയും വോട്ട് ഏത് ചിന്ഹത്തില്‍ പതിയണമെന്ന് തീരുമാനിക്കുന്നതില്‍ പ്രവാസികള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നതിനാല്‍ മണ്ഡലം തലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ഇരുപക്ഷവും.

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടില്ലെങ്കില്‍ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വോട്ടുകള്‍ മാസാദ്യം പണമയച്ചുകൊടുക്കുന്ന ഗള്‍ഫുകാരന്‍ പറയുന്നത് പോലെ മാത്രമേ പെട്ടിയില്‍ വീഴുള്ളൂ എന്നത് കൊണ്ട് ഇവിടെ ഒരാളെ സ്വാധീനിക്കാനായാല്‍ നാലഞ്ചു വോട്ടായിരിക്കും തങ്ങളുടെ സ്ഥാനാര്‍ഥിക്ക് കിട്ടാന്‍ പോകുന്നതെന്നാണ് രാഷ്ട്രീയ സംഘടനകള്‍ കണക്കുകൂട്ടുന്നത്.

ഇനി വീട്ടിലെ മറ്റെല്ലാവരും എതിര്‍പക്ഷത്താണെങ്കില്‍ പോലും ഭാര്യയുടെയും മക്കളുടെയും വോട്ട് തന്റെ സ്ഥാനാര്‍ഥിക്ക് വീഴും എന്ന് ഗള്‍ഫുകാരന് ഉറപ്പിക്കാനാവും. ആ മനഃശാസ്ത്രം മനസ്സിലാക്കി ഇന്‍‌കാസും കെ.എം.സി.സിയും,സംസ്കൃതിയുമൊക്കെ നാട്ടിലേത് പോലെ വ്യവസ്ഥാപിതമായി ഇലക്ഷന്‍ കാമ്പയിന് മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരിക്കയാണ്.

ഖത്തറിലുടനീളം ഇന്‍‌‌കാസ് മണ്ഡലങ്ങള്‍ തലത്തില്‍ സംഘടനയുടെ കമ്മിറ്റിയാണ് പ്രചാരണതന്ത്രങ്ങള്‍ നടത്തുന്നത്. നാട്ടില്‍നിന്ന് നേതാക്കളൊന്നും തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ഇങ്ങോട്ട് വരുന്നില്ല.

ഇലക്ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യേണ്ട അവസ്ഥ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇവിടുത്തെ അനുയായികള്‍ക്കിലത്രെ. സ്ഥാനാര്‍ഥിയെ വ്യക്തിപരമായി സഹായിക്കാനോ പ്രാദേശിക തലത്തില്‍ പോസ്റ്റര്‍ അച്ചടിക്കുന്നതിനോ പാട്ട്കാസറ്റ് ഇറക്കുന്നതിനോ തുക അയച്ചുകൊടുത്താലായി എന്ന് മാത്രം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാലേക്കൂട്ടി പൂര്‍ത്തിയാക്കുക എന്ന നാട്ടിലെ രീതി തന്നെയാണ് ഇവിടെയും ഇടതുസംഘടനകള്‍ പിന്തുടരുന്നത്. ഇനി വോട്ടെടുപ്പ് അടുക്കുംതോറും ശാസ്ത്രീയമായ രീതിയില്‍ വോട്ട് ക്യാന്‍വാസിംഗ് നടക്കും.

ഖത്തറില്‍ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍നിന്നുള്ളവരാണെന്നതിനാല്‍ ഇവിടെ വിപുലമായ പ്രചാരണം വേണ്ടിവരുമെന്ന് കെ.എം.സി.സി സൂചിപ്പിച്ചു.

ഈ രണ്ട് മണ്ഡലങ്ങളിലെയും മുസ്ലിം ലീഗിന്റെ സീറ്റുകള്‍ ലക്ഷ്യംവെച്ചുതന്നെയാണ് കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍. പ്രവര്‍ത്തകരെ പരമാവധി ബോധവത്കരിച്ച് അവരിലൂടെ നാട്ടില്‍ നേട്ടമുണ്ടാക്കാനാണ് ശ്രമം. ഇവിടെ ജോലി ചെയ്യുന്ന അംഗങ്ങളെ തെരഞ്ഞെടുപ്പ് സമയത്ത് പരമാവധി നാട്ടിലെത്തിച്ച് ഉപയോഗപ്പെടുത്താനാണ് ഇപ്പോള്‍ എല്ലാ സംഘടനകളും ശ്രമം.

ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രവാസികള്‍ വോട്ട് ചെയ്യാന്‍ സാധ്യതയുണ്ട്.ഇതിന്റെ ഒരു കാരണം സാമ്പത്തികമാന്ദ്യമാണ്. ഇതില്‍പ്പെട്ട് കുറേ പ്രവാസികള്‍ ഇപ്പോള്‍ തന്നെ നാട്ടിലെത്തിയിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വോട്ടവകാശമില്ലെങ്കിലും നാട്ടിലെ തെരഞ്ഞെടുപ്പ് ചൂട് മനസിലേറ്റി രാഷ്ട്രീയ പോഷക സംഘടനകള്‍ വോട്ട് പിടിത്തത്തിന് തന്ത്രങ്ങള്‍ മെനയാനും പരോക്ഷ പ്രചാരണം ആസൂത്രണം ചെയ്യാനും ഒരുക്കങ്ങള്‍ തുടങ്ങി.